print edition അഴിമതിക്ക് കളമൊരുക്കാൻ മിൽമയിൽ നിയമന അട്ടിമറി

തിരുവനന്തപുരം: മിൽമയിൽ അവസാന ഘട്ടത്തിലെത്തിയ നിയമനങ്ങൾ അട്ടിമറിക്കാൻ ക്ഷീരവികസന വകുപ്പ് നീക്കം. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾക്കു കീഴിൽ ഓഫീസർ, വർക്ക്‌മെൻ തസ്‌തികകളിലേക്ക് നടന്ന നിയമനമാണ് ഭരണസമിതി പിരിച്ചുവിട്ടും നിയമനനടപടി വൈകിപ്പിച്ചും നിർത്തലാക്കാൻ ശ്രമിക്കുന്നത്. മലബാർ മേഖലാ യൂണിയനിലെ 140 ഒഴിവുകളിലേക്കും തിരുവനന്തപുരം മേഖലായൂണിയനിലെ 198 ഒഴിവുകളിലേക്കുമുള്ള നിയമനം ഇതോടെ തുലാസിലായി. ഭരണസമിതികളെ പിരിച്ചുവിട്ട് നിയമനപ്രകിയകൾ നിർത്തലാക്കി പുതിയ നിയമനം നടത്താനാണ് നീക്കം. ഇതുവഴി ഇഷ്‌ടക്കാർക്ക് നിയമനം നൽകി സാമ്പത്തിക ലാഭം നേടുകയാണ് ലക്ഷ്യം.
2025 നവംബർ 11നാണ് മിൽമ നിയമന വിജ്ഞാപനം പുറത്തിറക്കിയത്. നിയമനങ്ങളിലെ സുതാര്യത ഉറപ്പാക്കാൻ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അധ്യക്ഷനായി റിക്രൂട്ട്‌മെന്റ് കമ്മിറ്റിയും രൂപീകരിച്ചു. നടപടികളുടെ സാങ്കേതികത്വം കണക്കിലെടുത്ത് സ്വതന്ത്ര പ്രൊഫഷണൽ ഏജൻസിയായ കേരള സ്റ്റേറ്റ് പ്രൊഡക്‌ടിവിറ്റി കൗൺസിലിനെ പരീക്ഷ നടത്തിപ്പിന് നിയോഗിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് നടന്നന്നെന്ന് വ്യാജ ആരോപണം ഉയർന്നതോടെ നിയമനനടപടികൾ തൽക്കാലം നിർത്തി. തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ നിയമന നടപടികൾ തുടരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം, സെലക്‌ട് ലിസ്റ്റ് തയ്യാറാക്കൽ എന്നിവ പൂർത്തിയാക്കി. അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്നും മറ്റ് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതിയും ഉത്തരവിട്ടു.
എന്നാൽ സ്‌കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം, അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ എന്നിവയ്‌ക്കുള്ള തീയതി പോലും പ്രഖ്യാപിക്കാൻ ക്ഷീരവികസനവകുപ്പ് തയ്യാറായിട്ടില്ല. കെഎസ്‌പിസി സെലക്ട് ലിസ്റ്റ് തയ്യാറാക്കി റിക്രൂട്ട്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക അനുമതി വൈകിക്കുകയാണ്. ജീവനക്കാരുടെ കുറവ് മിൽമയുടെ ദൈനംദിന പ്രവർത്തനത്തെവരെ ബാധിക്കുന്ന അവസ്ഥയിലും നിയമനം വൈകിപ്പിക്കുന്ന നയമാണ് ക്ഷീരവികസന വകുപ്പ് കൈക്കൊള്ളുന്നത്. അവസാന ഘട്ടത്തിലെത്തിയ റിക്രൂട്ട്‌മെന്റ് നടപടികൾ നിർത്തലാക്കിയാൽ വലിയ സാമ്പത്തിക ബാധ്യതയും മിൽമ നേരിടേണ്ടി വരും.









0 comments