print edition ആരോഗ്യകേരളത്തിന് ‘അട്ടപ്പാടി മോഡൽ’

അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നു

അഖില ബാലകൃഷ്ണൻ
Published on Mar 20, 2026, 12:01 AM | 1 min read
അട്ടപ്പാടി: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 65 വയസ്സുള്ള അട്ടപ്പാടി സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ജനുവരി 13നായിരുന്നു ചരിത്രനേട്ടം. മെറിൽ ഇന്ത്യൻ കമ്പനിയുടെ അത്യാധുനിക റോബോട്ടായ ‘മിസോ' ഉപയോഗിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ വിലവരുന്ന ചികിത്സാരീതിയാണ് അട്ടപ്പാടിയിലെ സാധാരണക്കാർക്ക് ലഭ്യമാക്കിയത്. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശസ്ത്രക്രിയ രോഗികൾ എത്തുന്നതനുസരിച്ച് പൂർണ സജ്ജമാക്കുമെന്ന് സൂപ്രണ്ട് ഷിജിൻ ജോൺ പറഞ്ഞു.
10 വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ ഗോത്രമേഖലയിലെ ഏക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നടത്തിയ അത്യാധുനിക വികസന നേട്ടങ്ങളുടെ തുടർച്ചയാണ് റോബോട്ടിക് ശസ്ത്രക്രിയ. 12 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആശുപത്രി ആധുനികവൽക്കരിച്ചത്. ആര്‍ദ്രം പദ്ധതി മാനദണ്ഡപ്രകാരം കഴിഞ്ഞവർഷം അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിരുന്നു.
ഓർത്തോ വിഭാഗം വിദഗ്‌ധരായ ഡോ. എബിമോൻ ജോർജ്, ഡോ. ഒമർ അലി എന്നിവർ ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. രാഹുൽ, ഡോ. സുസ്മിത, ഡോ. വർഷ, നഴ്സിങ് ഓഫീസർമാരായ അജിത്, അരുണ ശ്രീദേവി, ശ്രീമോൾ, ശ്രുതി, അനസ്തേഷ്യ ടെക്‌നീഷ്യന്മാരായ ജെസ്വിൻ, കൃഷ്ണപ്രിയ, ആദിന, വിസ്മയ, ഗ്രേഡ് ജീവനക്കാരായ ബൈജു, സാറാമ്മ, ശശി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലുള്ളവരും മറ്റ് സാധാരണക്കാരും വിദഗ്‌ധ ചികിൽസയ്‌ക്ക് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ട്രൈബൽ ആശുപത്രി വികസിപ്പിച്ചതോടെ മുഴുവൻ ചികിത്സയും ഇവിടെ ലഭ്യമായിത്തുടങ്ങി.










0 comments