വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് സർക്കാർ നിർമിച്ച വീട് കൈമാറി
print edition മിഥുന്റെ മോഹം സഫലമാക്കി സർക്കാർ; ‘മിഥുനം’ നിത്യ സ്‌മാരകം

എം അനിൽ
Published on Feb 01, 2026, 03:30 AM | 1 min read
കൊല്ലം
ഇടിഞ്ഞുപൊളിഞ്ഞ പഴയവീടിന്റെ ഭിത്തിയിൽ മിഥുൻ വരച്ചിട്ട വീടെന്ന മോഹം യാഥാർഥ്യമായപ്പോൾ അത് നാടിന്റെയാകെ സ്വപ്‌ന സാഫല്യമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നിർമിച്ച ‘മിഥുനം’ വീട് മിഥുന്റെ കുടുംബത്തിനു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൈമാറി. വീടിന്റെ താക്കോൽ മന്ത്രി കെ എൻ ബാലഗോപാൽ കുടുംബത്തിന് കൈമാറി. മിഥുന്റെ ഓർമയിൽ വീടിനു അച്ഛനമ്മമാരാണ് ‘മിഥുനം’ എന്ന പേരിട്ടത്.
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ 2025 ജൂലൈ 17ന് വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാർഥി പടിഞ്ഞാറെകല്ലട വിളന്തറയിൽ മിഥുന്റെ കുടുംബത്തിന് 20ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. 1000ചതുരശ്രഅടിയുള്ള വീട്ടിൽ മൂന്നു മുറികളും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയുമുണ്ട്. അഞ്ച് മാസംകൊണ്ട് നിർമാണം പൂർത്തീകരിച്ചു.
ലളിതമായ ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, മിഥുന്റെ കുടുംബാംഗങ്ങൾ, സ്‌കൂളിലെ അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പിന്റെ മൂന്നുലക്ഷവും കെഎസ്‌ഇബി 10 ലക്ഷവും കെഎസ്‌ടിഎ 11ലക്ഷവും കൈമാറിയത് കുടുംബത്തിന് ആശ്വാസമായി. സ്‌കൂൾ മാനേജ്‌മെന്റ് 10ലക്ഷം രൂപ നൽകിയിരുന്നു.











0 comments