print edition തൊഴിലുറപ്പ് തകരും പുതിയ പദ്ധതി ബുധനാഴ്ചമുതൽ

ജയൻ ഇടയ്ക്കാട്
Published on Jun 29, 2026, 12:49 AM | 2 min read
കൊല്ലം: തൊഴിലുറപ്പിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിബിജി ആർഎഎം ജി (വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ, അജീവിക മിഷൻ (ഗ്രാമീൺ)) പദ്ധതി ബുധനാഴ്ച മുതൽ സംസ്ഥാനത്തും നടപ്പാക്കും. ശനിയാഴ്‌ച ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി.
തൊഴിലുറപ്പിലെ 100 ദിവസത്തിന് പകരം 125 ദിവസം ഉറപ്പാക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജലസുരക്ഷ , ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് പ്രവൃത്തികൾ. പഞ്ചായത്ത് സെക്രട്ടറി നൽകുന്ന ഗാരന്റി കാർഡിന്റെ കാലാവധി മൂന്നുവർഷമാണ്. ഇത് പുതുക്കാം. നടത്തിപ്പ് ചുമതല പഞ്ചായത്ത് അസി. സെക്രട്ടറിക്കാണ്. -പണികളുടെ പരിശോധന പഞ്ചായത്ത് തലത്തിൽ നടക്കും.
കൂലി കേന്ദ്ര സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന് നിരക്ക് തീരുമാനിക്കാൻ അധികാരമില്ല. പ്രവൃത്തികൾക്ക് തദ്ദേശീയ വസ്തുക്കളും തൊഴിൽ സാങ്കേതികവിദ്യയും ഉപയോഗിക്കണം.- മസ്റ്റർ റോൾ ക്ലോസ് ചെയ്ത് 15 ദിവസത്തിനകം കൂലി കിട്ടിയില്ലെങ്കിൽ 16–-ാം ദിവസംമുതൽ ദിവസം 0.05% നഷ്ടപരിഹാരംകൂടി കിട്ടാൻ അർഹതയുണ്ടാകും.
125 ദിവസം തൊഴിൽ സ്വപ്നം മാത്രം
125 ദിവസം തൊഴിൽ നൽകുമെന്നത് അവകാശവാദം മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികളുടെ പട്ടികയിൽ പലതും ഒഴിവാക്കിയതാണ് തൊഴിൽദിനങ്ങൾക്ക് തടസ്സമാകുന്നത്.
പുതിയ പദ്ധതിയിലെ കൂടുതൽ പ്രവൃത്തികളും ദീർഘകാല ആസ്തി സംരക്ഷണ പ്രവൃത്തികളാണ്. കായികശേഷി കൂടിയ തൊഴിലാളികൾക്കാകും അവസരം. നിലവിൽ കൂടുതൽപേരും അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. മുൻവർഷങ്ങളിൽ സ്വകാര്യഭൂമിയിൽ തീറ്റപ്പുൽക്കൃഷി ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഏറ്റെടുക്കാമായിരുന്നു. ഇനി ഇത് സാധ്യമാകില്ല.
ഫണ്ടിലും പ്രതിസന്ധി
പുതിയ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ഫണ്ട് പങ്കിടേണ്ടിവരും. തൊഴിലുറപ്പ് പദ്ധതിയിൽ അവിദഗ്ധ തൊഴിലിന്റെ 100 ശതമാനം ഫണ്ടും കേന്ദ്രസർക്കാരാണ് നൽകിയിരുന്നത്. ഇനി പഞ്ചായത്തുകളെ വികസന സൂചികകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് മാനദണ്ഡപ്രകാരം ഒരു വിഹിതം മാത്രമാകും നൽകുക.
ആ തുക 125 ദിവസം തൊഴിലിന് കൂലിനൽകാൻ തികയില്ല.കേന്ദ്രവിഹിതത്തിന് ആനുപാതികമായി സംസ്ഥാന സർക്കാർ പൂർണമായും തുക വകയിരുത്തിയിട്ടുമില്ല. കേന്ദ്രവിഹിതമായി അനുവദിച്ചത് 3136.44 കോടിയാണ്. ഈ തുകയ്ക്ക് ആനുപാതികമായി 2090 കോടിയോളം രൂപ സംസ്ഥാനം വകയിരുത്തേണ്ടിയിരുന്നു.എന്നാൽ, 1422.66 കോടിരൂപ മാത്രമാണ് കഴിഞ്ഞ ബജറ്റിലുള്ളത്.










0 comments