ad
Deshabhimani

print edition തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ മരണമണി ; ഗ്രാമീണമേഖലയ്‌ക്ക്‌ 
കനത്ത ആഘാതം

Mgnrega name change
avatar
ബിജോ ടോമി

Published on Dec 17, 2025, 02:36 AM | 3 min read


തിരുവനന്തപുരം

കേന്ദ്രത്തിന്റെ തൊഴിലുറപ്പ്‌ പദ്ധതി ഭേദഗതി ബിൽ കേരളത്തിലെ ഗ്രാമീണ അടിസ്ഥാന സ‍ൗകര്യ വികസനത്തിൽ ഏൽപ്പിക്കുക കനത്ത ആഘാതം. പുതിയ വ്യവസ്ഥപ്രകാരം പഞ്ചായത്തുകളെ എ, ബി, സി എന്ന്‌ തിരിച്ചാണ്‌ പദ്ധതികൾ തയ്യാറാക്കേണ്ടത്‌.


ഇതോടെ ഓരോ പ്രദേശത്തിന്റെയും ആവശ്യകത കണക്കിലെടുത്ത്‌ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ല. കേരളത്തിൽ കേന്ദ്രം അനുവദിച്ചതിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുന്നതിനൊപ്പം, ഗ്രാമീണ അടിസ്ഥാന സ‍ൗകര്യ വികസനത്തിന്‌ നിരവധി പദ്ധതികളാണ്‌ നടപ്പിലാക്കിയത്‌. അഞ്ച് വര്‍ഷത്തിനിടെ 3411.61 കി. മീ. റോഡ്‌ നിര്‍മിച്ചു. 37 ഗ്രാമച്ചന്തകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.


ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ 35 ശതമാനം വ്യക്തിഗത ആനുകൂല്യങ്ങളാണ്‌. ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്‌. 1,15,883 കുടുംബങ്ങള്‍ക്ക് വ്യക്തിഗത ഉപജീവന ആസ്തികള്‍ നല്‍കി. കാലിത്തൊഴുത്ത്‌, ആട്ടിന്‍കൂട്‌, കോഴിക്കൂട്‌, കാര്‍ഷിക കുളങ്ങള്‍, അസോള ടാങ്കുകള്‍, സംരംഭകര്‍ക്കായി വര്‍ക്ക് ഷെഡുകള്‍ മുതലായവയുടെ നിര്‍മാണം തൊഴിലുറപ്പ് മുഖേന ഏറ്റെടുത്തു.


പൊതുകുളങ്ങളുടെ പുനരുദ്ധാരണം, സ്കൂള്‍ ശുചിമുറികള്‍, സ്കൂള്‍ അടുക്കള, കളി സ്ഥലങ്ങളുടെ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുത്തു. ഇനി ഇത്തരം പ്രവൃത്തികൾ പരിമിതപ്പെടും. തൊഴിൽദിനങ്ങൾ കുറയുന്നതിനും ഇത്‌ ഇടയാക്കും.


ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങള്‍ക്ക് സഹായം ഉറപ്പാക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞു. 831 പൊതു കമ്പോസ്റ്റ് സംവിധാനവും 719 പൊതു സോക് പിറ്റുകളും നിർമിച്ചു. 4,100 ഹെക്ടര്‍ തരിശ്‌ ഭൂമിയാണ്‌ കൃഷി യോഗ്യമാക്കിയത്‌. ഇതെല്ലാം ഭേദഗതിയോടെ പ്രതിസന്ധിയിലാകും.


വ്യവസ്ഥകളിലെ പ്രധാന വെല്ലുവിളി


​•തൊഴിലിനുള്ള അവകാശം എന്നതിൽനിന്ന് കേന്ദ്രം നിർദേശിക്കുന്ന ടാർഗറ്റിനും ലേബർ ബജറ്റിനും അനുസൃതമായി തൊഴിൽ നൽകുന്ന രീതിയിലേക്ക് പദ്ധതിയെ ലഘൂകരിക്കുന്നു. അധികമായി സൃഷ്ടിക്കുന്ന തൊഴില്‍ ദിനങ്ങളുടെ ബാധ്യത സംസ്ഥാനത്തിനാകും. നിലവിലെ വേതന നിരക്കില്‍ കണക്കാക്കിയാല്‍ ഇത് 1400 കോടി രൂപ വരും.


•പദ്ധതിയുടെ കേന്ദ്ര, സംസ്ഥാന വിഹിതം 60:40 ആകുന്നതോടെ ചെലവിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ ചുമലിലാകും. തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനത്തിന് പങ്കാളിത്തമുണ്ടാകില്ല. തൊഴിൽ നൽകാത്ത സാഹചര്യത്തിലെ അലവൻസിന്റെയും, വേതനം വൈകുന്നതിന്റെ നഷ്ടപരിഹാരവും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയാകും.


•തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 125 ആക്കി ഉയർത്തുമെന്ന പ്രഖ്യാപനം കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്യുന്ന പഞ്ചായത്തുകൾക്ക്‌ മാത്രമാണ്‌ ലഭ്യമാകുക. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടില്ല.


•കാർഷിക സീസണുകളിൽ പ്രവൃത്തി നടത്തരുതെന്നാണ്‌ നിർദ്ദേശം. ഏറ്റവും അനിവാര്യമായ സമയത്തുള്ള ഈ തൊഴിൽ നിഷേധം തൊഴിലാളികളെ വീണ്ടും ഭൂവുടമകളുടെ ആശ്രിതരാക്കും.


mgnrega


ലക്ഷ്യം 
പദ്ധതി ഇല്ലാതാക്കൽ : എം ബി രാജേഷ്‌

തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചും കുടിശിക വരുത്തിയും തൊഴിലുറപ്പ്‌ പദ്ധതിയെ ദുർബലപ്പെടുത്തിയ കേന്ദ്രസർക്കാർ, പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്‌ പദ്ധതിയെ ഇല്ലാതാക്കാൻ. ഇതിനെതിരെ കർഷക സമരത്തിന്‌ സമാനമായ പ്രതിഷേധം രാജ്യത്താകെ ഉയരുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 



ബിൽ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്തിന്‌ തൊഴില്‍ ദിനങ്ങളും കേന്ദ്ര വിഹിതവും അനുവദിക്കുന്നതിൽ ഓരോ സാമ്പത്തിക വര്‍ഷവും കുറവ് ഉണ്ടാകുന്നുണ്ട്. 2022–-23 സാമ്പത്തിക വർഷം 3854.68 കോടി രൂപയാണ്‌ കേന്ദ്ര വിഹിതം അനുവദിച്ചത്. 2024-–25 ല്‍ 3212.06 കോടി രൂപ ആയി കുറഞ്ഞു. ഈ വർഷം ഇത് വരെ 2928.34 കോടി രൂപ മാത്രം ആണ് ലഭ്യമായത്. ആദ്യ ഘട്ടത്തില്‍ ആറ് കോടി തൊഴില്‍ ദിനങ്ങള്‍ വീതം അനുവദിച്ചത്‌ 2025-–26ല്‍ അഞ്ച് കോടി ആക്കി കുറച്ചു. എന്നാല്‍ 2022-–23, 2023-–24, 2024-–25 വര്‍ഷങ്ങളില്‍ യഥാക്രമം 9.65, 9.94,9.07 കോടി തൊഴില്‍ ദിനങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചു.


2025-–26ൽ അനുവദിച്ച അഞ്ച് കോടി തൊഴില്‍ദിനത്തില്‍ കേരളം 5.54 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതിനെല്ലാം സംസ്ഥാനത്തിന് സഹായകമായിരുന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം -2005 ലെ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായിരുന്ന വ്യവസ്ഥകള്‍ ആണ്. ഈ വ്യവസ്ഥകൾ അപ്പാടെ മാറ്റി സംസ്ഥാനങ്ങള്‍ക്ക് പ്രതിലോമകരമായ വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.


കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധിക്കുക : ബിനോയ് വിശ്വം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ ബുധനും വ്യാഴവും സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം നടത്തുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. 
 പേരും ഘടനയും ഉള്ളടക്കവും മാറ്റി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊല ചെയ്യുകയാണ് കേന്ദ്രസര്‍ക്കാർ.


സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത അടിച്ചേല്‍പ്പിച്ചും അപ്രായോഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയും പദ്ധതിയെ ഇല്ലാതാക്കുകയാണ്‌. കര്‍ഷകവിരുദ്ധ, കാര്‍ഷിക പരിഷ്‌കരണ നിയമവിരുദ്ധ മാതൃകയിലുള്ള പ്രക്ഷോഭമുയര്‍ത്തി തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണമെന്ന്‌ ബിനോയ് വിശ്വം പറഞ്ഞു.


ദുർബല ജനവിഭാഗങ്ങളോടുള്ള വെല്ലുവിളി: കെഎസ്‌കെടിയു

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർത്ത്, വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുർബല ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ കേരള കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു).


തൊഴിലാളി തൊഴിൽ ആവശ്യപ്പെടുമ്പോൾ നൽകാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന, തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ഘടനയെ തകർക്കുന്നതാണ് പുതിയ ബിൽ. പദ്ധതി നാടിന്റെ താഴേതട്ടിലുള്ള പാവങ്ങൾക്ക് ഉപകാരമാകുന്നത് ഗ്രാമസഭകളും തദ്ദേശസ്ഥാപനങ്ങളും കൃത്യമായ മോണിറ്ററിങ്‌ നടത്തുന്നതിലൂടെയാണ്‌. ഈ രീതി മാറ്റി ബയോമെട്രിക്, ജിയോ ടാഗിങ്‌, എഐ ഓഡിറ്റ് തുടങ്ങിയ സാങ്കേതിക വഴികളിലൂടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് പുതിയ നിയമം പറയുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ വലിയ വിഭാഗം പാവങ്ങളെ പദ്ധതിയിൽനിന്ന് പുറന്തള്ളുകയാണ്‌.


കേന്ദ്ര തൊഴിലുറപ്പ് കൗൺസിൽ രൂപീകരിക്കുകയും പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയുംവേണം. എന്നാൽ, പുതിയ നിയമത്തിലൂടെ സംവരണ മാനദണ്ഡം എടുത്തുകളയുകയാണ്. ഗ്രാമീണർക്ക് ജീവിതം നിഷേധിക്കുന്ന നയങ്ങളുമായി വെല്ലുവിളിയോടെ മുന്നോട്ടുപോവുന്ന കേന്ദ്ര സർക്കാരിനെ നിലയ്‌ക്ക് നിർത്താൻ എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home