തൊഴിലുറപ്പ് വധബിൽ’ ലോക്‍സഭ കടത്തി ഗാന്ധിജിയുടെ മാറിലേക്ക് വീണ്ടും വെടിയുതിര്‍ത്തു
print edition തൊഴിലുറപ്പ് പദ്ധതിക്ക് മരണമണി ; ബാധിക്കുക 22 ലക്ഷം കുടുംബങ്ങളെ


ബിജോ ടോമി
Published on Dec 19, 2025, 01:38 AM | 3 min read
തിരുവനന്തപുരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിക്ക് മരണമണി മുഴങ്ങുന്പോൾ കേരളത്തിൽ ദുരിതത്തിലാകുക 22 ലക്ഷം കുടുംബങ്ങൾ. വർഷം 4000 കോടി രൂപയാണ് സംസ്ഥാനത്ത് പദ്ധതിയിൽ ചെലവഴിക്കുക. ഇതിൽ 3000 കോടി രൂപയിലധികവും കൂലിയനത്തിൽ നൽകുന്നതിലൂടെ തൊഴിലാളികളുടെ കൈയിലെത്തും. പദ്ധതി തകരുന്നതോടെ കുടുംബങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.
2020–21 മുതല്‍ ഇതുവരെ 53.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു. 17,216.57 കോടി രൂപ വേതന ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കി. ദേശീയതലത്തിൽ തന്നെ തൊഴിലുറപ്പുപദ്ധതിയിൽ കേരളം മാതൃകയായിരുന്നു. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 200 ദിവസത്തെ തൊഴില്‍ ദിനങ്ങൾക്കുള്ള തുക സംസ്ഥാന ബജറ്റില്‍ നീക്കിവച്ച് കേരള ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പാക്കി. സുഭിക്ഷകേരളം, ശുചിത്വകേരളം എന്നിവയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിച്ച് ഭൂവികസനം, ജലസേചനം, വര്‍ക്ക് ഷെഡ് നിര്‍മാണം, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, മത്സ്യക്കുളം നിര്‍മാണം, തീറ്റപ്പുല്‍ക്കൃഷി, കമ്പോസ്റ്റിങ് സംവിധാനം, മിനി എംസിഎഫ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കുന്നു.
കേന്ദ്രം പദ്ധതിതുക വെട്ടിച്ചുരുക്കിയ സാഹചര്യത്തിലും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നത് കേരളത്തിൽ മാത്രം. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതി നിലച്ച മട്ടാണ്.
ഇടതുപക്ഷ ജാഗ്രതയിൽ പിറന്ന തൊഴിലുറപ്പ് പദ്ധതി
ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഐക്യപുരോഗമന മുന്നണി സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. രാജ്യത്താകെ അതിദാരിദ്ര്യവും പട്ടിണിയും പിടിമുറുക്കിയ കാലത്തായിരുന്നു ചരിത്രപരമായ നിയമനിർമാണം. ഇടതുപക്ഷ പാർടികൾ പാർലമെന്റിൽ ഏറ്റവും ശക്തമായ സാന്നിധ്യമായ 2004–2009 കാലത്തു തന്നെയാണ് തൊഴിലുറപ്പു നിയമത്തോളം തന്നെ പ്രാധാന്യമുള്ള വനാവകാശനിയമവും വിവരാകാശ നിയമവും നടപ്പാക്കിയത്. സർക്കാരിൽ ചേരാനുള്ള ക്ഷണം നിരസിച്ച് പുറമെ നിന്ന് പിന്തുണ നൽകുകയായിരുന്നു ഇടതുപക്ഷം.

അന്ന് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ പിന്തുണയ്‌ക്കുന്ന പാർടികളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സ്‌റ്റിയറിങ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. സീതാറാം യെച്ചൂരിയായിരുന്നു സമിതിയിലെ സിപിഐ എം അംഗം. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കുന്പോൾ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതിയാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ സീതാറാം യെച്ചൂരി ഇതിനെ ചോദ്യം ചെയ്‌തു.
ഗരീബി ഹഠാവോ അടക്കം എണ്ണമറ്റ പദ്ധതികൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പാക്കിയിട്ടുണ്ടെന്നും സാധാരണ നിലയ്‌ക്കുള്ള പദ്ധതികൊണ്ട് ഫലമുണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു. നിയമപരിരക്ഷയോടെയുള്ള ദാരിദ്ര്യനിർമാജന പദ്ധതിയിൽ തൊഴിൽ അവകാശമാക്കണമെന്നും ശക്തിയായി വാദിച്ചു. പ്രതിവർഷം നൂറു ദിവസമെങ്കിലും തൊഴിൽ അവകാശമാക്കുന്ന ബില്ലിന് രൂപംനൽകിയത് അങ്ങനെയാണ്.
ബിൽ പാർലമെന്റിൽ അവതരിപ്പച്ച ശേഷം അത് പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതിയിൽ രാജ്യസഭാംഗമായിരുന്ന ബൃന്ദ കാരാട്ടിന്റെ ഇടപെടൽ നിർണായകമായി. സ്‌ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ കൂലിയായിരുന്നു വ്യവസ്ഥ ചെയ്‌തിരുന്നത്. സ്‌ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന ബൃന്ദയുടെ നിർബന്ധബുദ്ധിയിൽ വ്യവസ്ഥയിൽ മാറ്റം വരുത്താൻ നിർബന്ധിതമായി.

ശക്തമായി എതിര്‍ത്ത് സിപിഐ എം
സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ, എംപിമാരായ അമ്രാറാം, സു വെങ്കടേശൻ എന്നിവർ കേന്ദ്രസർക്കാർ നീക്കത്തെ ശക്തമായി എതിർത്തു. 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ പദ്ധതിയെ പൂർണമായും തകർക്കുമെന്ന് കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാണിച്ചു. ഇൗ വ്യവസ്ഥ സംസ്ഥാനങ്ങൾക്ക് താങ്ങാനാകാത്ത സാന്പത്തിക ഭാരമുണ്ടാകും. പല സംസ്ഥാനങ്ങളും പദ്ധതിയിൽ നിന്നും പിന്നോട്ടുപോകുന്ന അവസ്ഥയുണ്ടാകും. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ദാരിദ്രനിർമാർജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി ഫലമാണ്. നഗരപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ കേരളത്തിന്റെ മാതൃക രാജ്യം സ്വീകരിക്കണം. 1948ൽ മഹാത്മാഗാന്ധിയെ വകവരുത്തിയ ശക്തികൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് കൂടി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കുന്ന ജനദ്രോഹനിയമം പിൻവലിക്കണമെന്നും കെ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും തകർക്കും: കെ രാധാകൃഷ്‌ണൻ
ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബിൽ ’ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കും ആശങ്കകൾക്കും വിശദീകരണം നൽകാതെയാണ് കേന്ദ്രസർക്കാർ ബിൽ ലോക്‌സഭ കടത്തിയത്. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വിവാദബില്ലിന്റെ കോപ്പികൾ ചീന്തിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു.
ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന മോദിസർക്കാരിന്റെ വിനാശ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പദ്ധതിയെ പൂർണമായും കേന്ദ്രനിയന്ത്രണത്തിലാക്കി സാന്പത്തികഭാരം മുഴുവൻ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതാണ് ബില്‍ എന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാണിച്ചു. ജി -ആർഎഎം– ജി ബില്ലിൽ ബുധനാഴ്‌ച വൈകിട്ട് തുടങ്ങിയ ചർച്ച വ്യാഴം പുലർച്ചെ 1.35 വരെ നീണ്ടു. മറുപടി നൽകിയ കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്നും വിശദീകരണം നൽകിയില്ല. യുപിഎ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് പദ്ധതിക്ക് ഗാന്ധിയുടെ പേരിട്ടത് വോട്ട് ലക്ഷ്യമിട്ടായിരുന്നെന്ന് മന്ത്രി ആരോപിച്ചു.
സംസ്ഥാനങ്ങൾക്ക് അധികബാധ്യതയുണ്ടാക്കും : മന്ത്രി കെ എൻ ബാലഗോപാല്‍
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിഹിതം കേന്ദ്രസർക്കാർ ഗണ്യമായി വെട്ടിക്കുറയ്‌ക്കുന്നത് സംസ്ഥാനങ്ങൾക്ക് അധികബാധ്യതയുണ്ടാക്കുന്നതിനൊപ്പം സാധാരണക്കാരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളിൽനിന്ന് കേന്ദ്രം പിന്നോട്ടുപോകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കേന്ദ്ര –സംസ്ഥാന ബന്ധത്തിലെ ധനപരമായ അധികാര വിഭജനത്തെ തകര്‍ക്കുന്ന നടപടികളിൽ ഒടുവിലത്തേതാണിതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നൽകേണ്ട വിഹിതത്തില്‍ വന്‍ കുറവ് വരുത്തി അവരുടെ വരുമാനം പിടിച്ചെടുക്കുന്നതിലേക്ക് കേന്ദ്രസർക്കാർ തിരിയുകയാണ്. ഇത് ചെറിയ കാര്യമല്ല.
ജിഎസ്ടി പരിഷ്‌കാരത്തിലൂടെ കേരളത്തിനുമാത്രം അടുത്ത സാമ്പത്തിക വര്‍ഷം 8000 മുതല്‍ 10,000 കോടി രൂപവരെ സാമ്പത്തികനഷ്‌ടം വരും. അതിനുപുറമെയാണ് ഇതുപോലുള്ള അധിക സാന്പത്തികബാധ്യത അടിച്ചേൽപ്പിക്കുന്നത്.
കാർഷികമേഖലയിലെ തകർച്ച തടയാൻ യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം മുന്നോട്ടുവച്ചതാണ് തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞവർഷം സംസ്ഥാനത്ത് 9.07 കോടി തൊഴില്‍ദിനങ്ങളുണ്ടായി. 22 ലക്ഷത്തോളം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമായി. അവരെയാകെ പ്രതിസന്ധിയിലാക്കി, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുന്ന അങ്ങേയറ്റം തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.











0 comments