ad
Deshabhimani

print edition എംജി സർവകലാശാല വിസി നിയമനം: സതീശൻ പറഞ്ഞത്‌ 
പച്ചക്കള്ളം

V D Satheesan Press Meet

വി ഡി സതീശൻ

avatar
പി ആർ ചന്തുകിരൺ

Published on Jun 11, 2026, 12:00 AM | 2 min read

തിരുവനന്തപുരം: എംജി സർവകലാശാലയിൽ സംഘപരിവാർ അധ്യാപകനെ വിസിയാക്കിയ ഗവർണറുടെ നടപടിക്ക്‌ ഒത്താശചെയ്‌തത്‌ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്‌ പച്ചക്കള്ളം. യുഡിഎഫ്‌ – ബിജെപി ഡീൽ പുറത്തുവന്നതോടെ ഉത്തരവാദിത്വം എൽഡിഎഫ്‌ സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിക്കുകയാണ്‌ സതീശൻ.


കഴിഞ്ഞ സർക്കാരാണ്‌ വിസി പാനൽ കൊടുക്കേണ്ടിയിരുന്നത്‌ എന്നാണ്‌ വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞത്‌. എന്നാൽ, എൽഡിഎഫ്‌ സർക്കാർ ചട്ടപ്രകാരം നൽകിയ മൂന്നംഗ പാനലിൽനിന്ന്‌ നിയമിച്ച ഡോ. സി ടി അരവിന്ദകുമാറിനെ ഏകപക്ഷീയമായി നീക്കിയാണ്‌ ഗവർണർ പുതിയ വിസിയെ നിയമിച്ചതെന്ന വസ്‌തുത മുഖ്യമന്ത്രി മനഃപൂർവം മറച്ചുവച്ചു.


സ്‌കൂൾ ഓഫ്‌ എൻവയോൺമെന്റൽ സയൻസസിലെ അധ്യാപകനായ അരവിന്ദകുമാർ മെയ്‌ 31നാണ്‌ സർവീസിൽനിന്ന്‌ വിരമിച്ചത്‌. സർവകലാശാല ചട്ടം അനുസരിച്ച്‌ പ്രൊഫസർ പദവിയിൽനിന്ന് വിരമിച്ചാലും വിസി പദവിയിൽ 65വയസ്സുവരെ തുടരാം. ഇ‍ൗ സാഹചര്യത്തിൽ മുൻ എൽഡിഎഫ്‌ സർക്കാർ പാനൽ സമർപ്പിക്കേണ്ടിയിരുന്നില്ല. അരവിന്ദകുമാർ തുടരുന്നതിന്‌ സാങ്കേതിക തടസമില്ലെന്ന്‌ ലോക്‌ഭവനെയും അറിയിച്ചിരുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽ റിട്ടയർ ചെയ്‌ത പ്രൊഫസർമാർ താൽക്കാലിക വിസിമാരായി ചുമതല വഹിച്ച കീഴ്‌വഴക്കം സംസ്ഥാനത്തുണ്ട്‌. ഇത്‌ മറച്ചുവച്ചാണ്‌ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്‌.


സംഘപരിവാറിനായി ഗവർണർ നടപ്പാക്കിയ നിയമനത്തെ എതിർത്ത്‌ പറയാൻ തയ്യാറാകാതെയാണ്‌ എൽഡിഎഫ്‌ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത്‌. ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ ഗവർണർ നിർദേശിച്ചതിനെയും യുഡിഎഫ്‌ സർക്കാർ എതിർത്തിരുന്നില്ല.


ലക്ഷ്യം ഭാരതീയ വിജ്ഞാന സമ്പ്രദായം; സംഘപരിവാർ അജൻഡ 
വെളിപ്പെടുത്തി എംജി വിസി


ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് പ്രാധാന്യം നല്‍കുന്ന പഠനവും ഗവേഷണവുമാണ്‌ ലക്ഷ്യമെന്ന്‌ എംജി സർവകലാശാലയിൽ താൽക്കാലിക വിസിയായി ചുമതലയേറ്റ സംഘപരിവാർ അനുകൂലി ഡോ. ഡി മാവൂത്‌. ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ പ്രതികരണം.


സംഘപരിവാർ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിച്ച്‌ ശാസ്‌ത്രബോധത്തെ വെല്ലുവിളിച്ചുള്ള രീതികൾക്ക്‌ പരവതാനി വിരിക്കാനുള്ള നീക്കമാണ്‌ മാവൂതിന്റെ പ്രതികരണത്തിൽ പ്രതിഫലിച്ചത്‌. ഗവർണറോട്‌ ഏറ്റുമുട്ടാനില്ലെന്ന നിലപാടെടുത്ത യുഡിഎഫ്‌ സർക്കാരിന്റെ ഒത്താശയോടെയാണ്‌ ഇതെല്ലാം. ഏകപക്ഷീയമായി വിസിയെ തീരുമാനിക്കുകയും ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ തിരുകികയറ്റുകയും ചെയ്‌ത ഗവർണറുടെ നടപടിപോലും ഇതുവരെ സർക്കാർ എതിർത്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home