ad
Deshabhimani

print edition പോസ്‌റ്ററിലെ പാറ്റ: ഭീഷണിക്ക്‌ വഴങ്ങില്ലെന്ന്‌ വിദ്യാർഥികൾ

MG University union national seminar poster
avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:05 AM | 1 min read

​​കോട്ടയം: എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന്റെ പ്രചാരണ പോസ്‌റ്ററുകൾ പിൻവലിച്ചില്ലെങ്കിൽ ഫണ്ട്‌ തിരികെപ്പിടിക്കുമെന്ന ഭീഷണിക്ക്‌ വഴങ്ങില്ലെന്ന്‌ സർവകലാശാലാ യൂണിയൻ. യൂണിയൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ദേശീയ കോൺഫറൻസുമായി മുന്നോട്ട്‌ പോകുമെന്നും സർവകലാശാലാ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച്‌ രജിസ്‌ട്രാർ യൂണിയന്‌ നൽകിയ കത്തിന്‌ വ്യാഴാഴ്‌ച മറുപടി നൽകി.


ദേശീയ സമ്മേളനത്തിന്റെ പ്രചാരണ പോസ്‌റ്ററിൽ പാറ്റയുടെ ചിത്രം ഇടംപിടിച്ചതിന്‌ പിന്നാലെയാണ്‌ വിസിയുടെ നിർദേശപ്രകാരം രജിസ്‌ട്രാർ രാഷ്‌ട്രീയ പോസ്‌റ്ററുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കത്ത്‌ നൽകിയത്‌. സർവകലാശാലാ ഫണ്ട്‌ ഉപയോഗിക്കുന്ന പരിപാടികളിൽ യാതൊരുവിധ രാഷ്‌ട്രീയവും പാടില്ലെന്ന്‌ കാട്ടി സർക്കുലറും ഇറക്കിയിരുന്നു. യൂണിയന്‌ നൽകിയ കത്തിൽ രാഷ്‌ട്രീയം എന്താണെന്ന്‌ നിർവചിച്ചിട്ടില്ലെന്നും കക്ഷിരാഷ്‌ട്രീയം ആണ്‌ ഉദ്ദേശിച്ചതെങ്കിൽ അത്തരം പരാമർശങ്ങളോ പ്രതീകങ്ങളോ പോസ്‌റ്ററിൽ ഇല്ലെന്ന്‌ മറുപടിയിൽ യൂണിയൻ അറിയിച്ചു. മറിച്ച്‌ വിശാലമായ അർഥത്തിലാണ്‌ രാഷ്‌ട്രീയം പാടില്ലെന്ന്‌ കത്തിൽ വിവക്ഷിച്ചതെങ്കിൽ അത്‌ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും യൂണിയൻ കത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യപ്പെട്ട പോസ്‌റ്ററിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർടിക്ക്‌ അനുകൂലമായോ പ്രതികൂലമായോ ഉള്ള പരാമർശങ്ങളില്ല. സമകാലിക വിഷയവുമായി ബന്ധപ്പെട്ട കലാപരമായ പ്രതീകാത്മക ചിത്രമാണ്‌ പോസ്‌റ്ററിൽ ഉപയോഗിച്ചതെന്നും മറുപടിയിൽ അറിയിച്ചു.


ആഗസ്‌ത്‌ മൂന്ന്‌ മുതൽ ആറ്‌ വരെയാണ്‌ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഇതിനായി 2,81,280 രൂപ മുൻകൂറായി സർവകലാശാല അനുവദിച്ചിരുന്നു. പോസ്‌റ്ററിൽ പാറ്റയുടെ ചിത്രം വന്നതോടെ ഇ‍ൗ പണം തിരികെ അടയ്‌ക്കേണ്ടി വരുമെന്നാണ്‌ ഭീഷണി. വിസി ഡി മാവൂതിന്‌ എബിവിപി നൽകിയ പരാതിക്ക്‌ പിന്നാലെയാണ്‌ രാഷ്‌ട്രീയം പാടില്ലെന്ന്‌ കാട്ടി വിസി സർക്കുലർ ഇറക്കിയത്‌. സർക്കാർ ശന്പളം വാങ്ങി, ഒ‍ൗദ്യോഗിക കാറിൽ വിസി സംഘപരിവാർ പരിപാടികൾക്ക്‌ പോകുന്നത്‌ ഏത്‌ ചട്ടപ്രകാരമാണെന്നാണ്‌ വിദ്യാർഥികളുടെ ചോദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home