ad
Deshabhimani

എംജി സെനറ്റിലെ കാവിവൽക്കരണം:
യുഡിഎഫ്‌ മ‍ൗനം തുടരുന്നു; സംഘപരിവാറിന്‌ കീഴടങ്ങി

MG University.jpg
വെബ് ഡെസ്ക്

Published on Jun 06, 2026, 12:00 AM | 1 min read

​കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആർഎസ്‌എസ്‌–ബിജെപിക്കാരെ ഗവർണർ കുത്തിനിറച്ചിട്ടും യുഡിഎഫ്‌ നേതാക്കൾ മ‍ൗനം തുടരുന്നു. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെ ഗവർണർ നിയമിച്ചു.


അതത്‌ മേഖലകളിൽ വൈദഗ്‌ധ്യം തെളിയിച്ചവരെ അവഗണിച്ച്‌ ആർഎസ്‌എസ്‌ അനുഭാവമുള്ളവരെ സെനറ്റിൽ തിരുകിക്കയറ്റിയിട്ടും മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പ്രതികരിച്ചിട്ടില്ല. മറ്റ്‌ യുഡിഎഫ്‌ കക്ഷികളും ഭരണകക്ഷി സംഘടനകളും മ‍ൗനം തുടരുകയാണ്‌. കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവ്‌ ഡി മാവൂതിനെ വിസിയാക്കിയപ്പോഴും യുഡിഎഫ്‌ മ‍ൗനം പാലിച്ചു. യുഡിഎഫ്‌–ബിജെപി ഡീലാണ്‌ നേതാക്കളുടെ മ‍ൗനത്തിൽ തെളിയുന്നത്‌.


അക്കാദമിക്‌ മേഖല, കല, സാംസ്‌കാരികം, വാണിജ്യം, കായികം മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ്‌ സെനറ്റിലേക്ക്‌ നിർദേശിക്കാറുള്ളത്‌. ഗവർണർ നിർദേശിച്ച 19 പേരും സംഘപരിവാർ സംഘടനാ ഭാരവാഹികളും സജീവ ആർഎസ്‌എസ്‌ പ്രവർത്തകരുമാണ്‌.

വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്പോൾ റാങ്ക്‌ ജേതാക്കൾ ഉൾപ്പെടെ ഉന്നതവിജയം നേടിയവരുടെ പട്ടിക സർവകലാശാലയിൽനിന്നും വാങ്ങിയശേഷമാണ്‌ നിർദേശിക്കാറുള്ളത്‌. ഇത്തവണ മെറിറ്റ്‌ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി. സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന്‌വാങ്ങി അതിൽനിന്നാണ്‌ താൽക്കാലിക വിസിമാരെ ഗവർണർ നിയമിക്കാറുള്ളത്‌. ഇത്തവണ സർക്കാർ പാനൽ നൽകിയില്ല.


പുതിയ വിസിയെ തെരഞ്ഞെടുക്കാനായി സെർച്ച്‌ കമ്മിറ്റിയേിലേക്ക്‌ പ്രതിനിധിയെ നൽകാനുള്ള പ്രത്യേക സെനറ്റ്‌ യോഗം മാറ്റുകയുംചെയ്‌തു.

ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും കൂടിക്കാഴ്‌ച നടത്തിയതിന്‌ പിന്നാലെയാണ്‌ സെനറ്റ്‌ യോഗം മാറ്റിയത്‌. ലോക്‌ഭവൻ കേന്ദ്രീകരിച്ച്‌ സംഘപരിവാർ സമ്മർദങ്ങൾക്ക്‌ പൂർണമായും കീഴടങ്ങുകയാണ്‌ യുഡിഎഫ്‌ നേതൃത്വം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home