ad
Deshabhimani

print edition പോസ്റ്റർ വിവാദം: എംജി വിസിക്ക് തിരിച്ചടി; പണം തിരിച്ചുപിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു

D Mavooth M G Univeristy national conference poster
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 1 min read

കൊച്ചി: എംജി സർവകലാശാല യൂണിയൻ സംഘടിപ്പിച്ച ദേശീയ കോൺഫറൻസിന് അനുവദിച്ച പണം തിരികെ നൽകാൻ നിർദേശിച്ച വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെമിനാറിന്റെ പോസ്റ്ററിൽ ‘പാറ്റ’യുടെ ചിത്രം വച്ചതിനാൽ 2.81 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഡി മാവൂത്‌ ഇറക്കിയ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. പോസ്റ്ററിൽ രാഷ്ട്രീയസൂചന ആരോപിച്ച വിസിക്ക്‌ കനത്ത തിരിച്ചടിയായി ഹെെക്കോടതിയുടെ ഇടപെടൽ. ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെട്ട് സർവകലാശാല വിദ്യാർഥി യൂണിയനും ജനറൽ സെക്രട്ടറി പി എസ് അമലും നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് സ്റ്റേ നൽകിയത്.


വിസിയുടെ നടപടി പ്രഥമദൃഷ്ട്യാ എകപക്ഷീയവും അന്യായവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ എംജി സർവകലാശാല, വൈസ് ചാൻസലർ, രജിസ്ട്രാർ, സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ എന്നിവർക്ക് നോട്ടീസ് അയച്ചു. ഹർജി വീണ്ടും ഒക്ടോബർ ഒന്പതിന്‌ പരിഗണിക്കും.

ആഗസ്‌ത്‌ മൂന്നുമുതൽ ആറുവരെ സർവകലാശാലാ ക്യാമ്പസിൽ സംഘടിപ്പിച്ച ‘ഡിസ്കോഴ്സസ് ബിയോണ്ട് ബൗണ്ടറീസ്' എന്ന നാലു ദിവസത്തെ ദേശീയ സെമിനാറിന്റെ പോസ്‌റ്ററിലാണ്‌ വിസി രാഷ്‌ട്രീയം ആരോപിച്ചത്‌. പോസ്റ്ററുകൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സെമിനാർ രാഷ്ട്രീയവൽക്കരിക്കരുതെന്നും കാണിച്ച്‌ ജൂൺ 27ന് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചു. ഇതിന് പിറകെ സെമിനാറിന് അനുവദിച്ച 3.75 ലക്ഷം രൂപ റദ്ദാക്കി. മുൻകൂറായി നൽകിയ 2.81 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിറക്കി.


പാറ്റയുടെ ചിത്രം പ്രതിരോധത്തിന്റെ പ്രതീകമാണെന്നും, പോസ്റ്ററിൽ ഒരു രാഷ്ട്രീയ പാർടിയുടെയും പേരോ ചിഹ്നമോ പതാകയോ ഉപയോഗിച്ചിട്ടില്ലെന്നും യൂണിയൻ വ്യക്തമാക്കി. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട കലാപ്രതീകങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് സർവകലാശാലയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി. അധികാരപരിധി ലംഘിച്ചുള്ള വിസിയുടെ ഉത്തരവ് ഹർജി തീർപ്പാകുംവരെ റദ്ദാക്കണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്. യൂണിയനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home