സതീശന്റെ എഐ നൃത്തവീഡിയോ; മെറ്റ നീക്കിയത് പൊലീസ് കത്ത് നൽകിയിട്ട്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസ് കത്ത് നൽകിയിട്ടാണെന്ന് സംസ്ഥാന പൊലീസ് മേധാവി രവഡാ ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമ്പത് പരാതി പൊലീസിന് ലഭിച്ചിരുന്നെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
കെഎസ്‌ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ നൃത്തംചെയ്യുന്ന എഐ വീഡിയോ ഞായറാഴ്‌ച രാത്രിയാണ് സംസ്ഥാന സർക്കാർ ഇടപെടലിനെത്തുടർന്ന് ഇന്ത്യയിൽ നിന്നും നീക്കംചെയ്‌തത്. ‘നിങ്ങളുടെ പോസ്റ്റ് ഇന്ത്യയിൽ ലഭിക്കില്ല. അത് സർക്കാർ നിർദേശപ്രകാരം ഇന്ത്യൻ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണ് ’എന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാനാകും. ‘എഐ കവല’ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വെള്ളിയാഴ്‌ചയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. ഇന്ത്യയിൽ 1.79 കോടി പേർ കണ്ടു. 26 ലക്ഷംപേർ പങ്കുവച്ചു.
തൃശൂർ സ്വദേശി കെ എസ് അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിൽ നെല്ലിക്കലുമൊത്താണ് എഐ വീഡിയോ നിർമിച്ചത്. ലോഡ്‌ഷെഡിങ് സാമൂഹ്യവിഷയമായതിനാലാണ് എഐ വീഡിയോ ചെയ്‌തതെന്ന് അഭിജിത്ത് പറഞ്ഞു. ആറുമണിക്കൂറെടുത്താണ് വീഡിയോ തയ്യാറാക്കിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വലിയ പിന്തുണയാണ് ലഭിച്ചത്. വീഡിയോ നീക്കിയതിനെതിരെ മെറ്റയ്‌ക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.









0 comments