print edition അപകടം ഒഴിവാക്കാൻ നടപടിയില്ല; ഭീഷണിയായി നിരവധി മൺകൂനകൾ

ഡിവൈഎഫ്ഐ യൂത്തു ബ്രിഗേഡിന്റെ നേതൃത്വത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ
മേപ്പാടി : മണ്ണിടിച്ചിലുണ്ടായ തുരങ്കപാത പദ്ധതി പ്രദേശത്ത് ഭീഷണിയായി കൂടുതൽ മൺകൂനകൾ. ടാർപോളിൻകൊണ്ട് മൂടിയ മണ്ണുമലകൾ ഏതുസമയത്തും ഇടിയാവുന്ന നിലയിലാണ്. മഴക്കാലത്തിനുമുന്പേ നീക്കേണ്ട മണ്ണാണിവ. ഇത് ഇടിഞ്ഞാൽ ദുരന്തം ഇപ്പോഴത്തേതിനേക്കാൾ വലുതാകും. കനത്തമഴ ഭീതി വർധിപ്പിക്കുന്നുമുണ്ട്.
മണ്ണ് നീക്കംചെയ്യുന്നതിൽ ജില്ലാ ഭരണസംവിധാനത്തിനും പൊതുമരാമത്ത് വകുപ്പിനും ഗുരുതരവീഴ്‌ചയുണ്ടായി. കാലവർഷം തുടങ്ങിയശേഷമാണ് വിഷയത്തിൽ ഇടപെട്ടത്. മണ്ണുനീക്കാൻ സ്ഥലം അനുവദിക്കണമെന്ന് കരാർ കന്പനി ഇൗ ഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ തയ്യാറായില്ല. കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയാണെന്ന് ജൂൺ 25ന് പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. എന്നാൽ അടിയന്തരമായി നീക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല.
ഇൗ സമയത്ത് മണ്ണുനീക്കുന്നത് കൂടുതൽ ഭീഷണിയാകുമെന്ന നിഗമനമായിരുന്നു. മൺകൂനകളുടെ ഉയരം കുറയ്‌ക്കാൻ സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായം തേടാനാണ് തീരുമാനിച്ചത്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മൂന്നുതവണ യോഗം ചേർന്നതായാണ് മന്ത്രി പി കെ ബഷീർ പറഞ്ഞത്. ഇൗ യോഗങ്ങളുടെ തീരുമാനവും നടപടിയും എന്തായിരുന്നുവെന്നതാണ് ചോദ്യം. മൺകൂനകളുടെ ഭീഷണി മനസ്സിലാക്കിയിട്ടും കണ്ണടച്ചുവെന്ന് വ്യക്തം. പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി.
മേപ്പാടി–ചൂരൽമല പാതയോടുചേർന്നും അല്ലാതെയും മൺതിട്ടകളുണ്ട്. ഇവ മഴയിൽ ഇളകിവന്നാൽ മീനാക്ഷി എസ്‌റ്റേറ്റ് ലയങ്ങളിലേക്കുൾപ്പെടെ എത്തും. ഇൗ അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും എടുത്തിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണവും അവലോകനവും നടപടികളുമുണ്ടായിരുന്നു.
നിർമാണം പുനരാരംഭിക്കൽ പരിശോധനയ്‌ക്കുശേഷം
മുഖ്യമന്ത്രി കൽപ്പറ്റ കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്‌മപരിശോധന നടത്തിയശേഷമേ തുരങ്കപാത നിർമാണം പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനായി വിദഗ്‌ധസമിതിയെ നിയോഗിക്കും. കൽപ്പറ്റയിൽ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് സാങ്കേതികമായും നിയമപരമായും അന്വേഷണം നടത്തും. അതിനുശേഷമേ തീരുമാനം എടുക്കൂ. കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമാണെന്ന മന്ത്രിമാരുടെ പ്രസ്‌താവനകൾ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മണ്ണിടിച്ചിലുണ്ടായപ്പോൾ താൻ പറഞ്ഞതും പ്രാഥമിക വിവരങ്ങൾവച്ചാണ്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മനുഷ്യനിർമിതദുരന്തമാണെന്ന് മന്ത്രിമാർ പറഞ്ഞത്. മാധ്യമങ്ങൾ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട്, പിറ്റേദിവസം അങ്ങനെ പറയാമോയെന്ന് ചോദിക്കുന്നത് ശരിയല്ലെന്ന വാദവും അദ്ദേഹം ഉയർത്തി.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി
കോഴിക്കോട് വയനാട് ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. ജാർഖണ്ഡ് സ്വദേശി അന്മോൽ ദോദ്റായി, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ എന്നിവരുടെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രിയോടെ മാനന്തവാടിയിൽനിന്ന് പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ബുധൻ പകൽ 12 ഓടെ കൊങ്കൺ റെയിൽവേ കോർപറേഷൻ അധികൃതർ ഫോറൻസിക് വിഭാഗത്തിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി അനാട്ടമിക്ക് കൈമാറി അവിടെനിന്ന് എംബാംചെയ്തശേഷം പകൽ മൂന്നോടെ ബന്ധുക്കൾ എത്താത്തതിനാൽ കൊങ്കൺ റെയിൽവേ കോർപറേഷൻ അധികൃതർക്ക് വിട്ടുനൽകുകയായിരുന്നു.










0 comments