കള്ളാടി മണ്ണിടിച്ചിൽ ദുരന്തം
print edition മഴക്കാല മുന്നൊരുക്കവുമില്ല; ദുരന്തപ്രതിരോധ പ്രവർത്തനങ്ങളുമില്ല

മേപ്പാടി : മഹാദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തവണ മഴക്കാല മുന്നൊരുക്കമുണ്ടായില്ല. 2019ൽ ഉരുൾപൊട്ടിയ പുത്തുമലയിലും കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ കള്ളാടി മീനാക്ഷിയിലും സുരക്ഷാ മുന്നറിയിപ്പോ, ദുരന്തപ്രതിരോധ പ്രവർത്തനങ്ങളോ ഉണ്ടായില്ല. അതീവ ജാഗ്രതവേണ്ട മേഖലകളിലെ അപകടസാധ്യത അധികൃതർ അവഗണിച്ചു. ഇൗ അനാസ്ഥയുടെ ഇരകളാണ് മീനാക്ഷിയിൽ ജീവൻ പൊലിഞ്ഞവർ. പ്രദേശവാസികളുടെ പരാതികളും ആശങ്കകളും ഗൗരവത്തോടെ പരിഗണിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.
തുരങ്കപാതക്കായി മാറ്റിയ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുന്നതിൽ മഴക്കാലാരംഭത്തിൽ തന്നെ പരാതികളുയർന്നു. കൂട്ടിയിട്ട മണ്ണ് നീക്കണമെന്ന ആവശ്യവും അവഗണിച്ചു. മണ്ണ് ഇടിയാനുള്ള സാധ്യത പരിശോധിക്കുകയോ, മനസ്സിലാക്കുകയോ ചെയ്‌തില്ല. മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമുണ്ടോ എന്നതിലും പരിശോധന ഉണ്ടായില്ല.
ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുൻവർഷം ഇൗ മേഖലകളിൽ അതീവജാഗ്രതയാണ് പുലർത്തിയത്. മഴക്കാലം ആരംഭിക്കുംമുന്പേ പ്രദേശങ്ങളിൽ പരിശോധന നടത്തി വെള്ളക്കെട്ട് ഒഴിവാക്കി. അപകടമേഖലകളിലുള്ളവരെ മാറ്റി. ഓരോ ദിവസവും മഴയുടെ അളവ് പരിശോധിച്ച് മുന്നറിയിപ്പ് നൽകി. ലയങ്ങളിലും ഉന്നതികളിലും പ്രത്യേകം ശ്രദ്ധപുലർത്തി. പുന്നപ്പുഴയിലെ ഒഴുക്ക് സുഗമമാക്കി. ഇത്തവണ കാര്യമായ നടപടിയൊന്നും ജില്ലാ ഭരണസംവിധാനവും പഞ്ചായത്തും എംഎൽഎ ഉൾപ്പെടെയുള്ളവരും സ്വീകരിച്ചില്ല. മഴ മുന്നറിയിപ്പുപോലും കൃത്യമായില്ല.
മീനാക്ഷി മേഖലയിൽ താമസിക്കുന്നവരെ മഴ ശക്തമാകുന്നതിനുമുന്പേ മാറ്റണമെന്ന് ജൂൺ 25ന് പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്തിലുള്ള സംഘം ജില്ലാ ഭരണസംവിധാനത്തിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ആറുമുതൽ ഇൗ മേഖലയിൽ മഴ ശക്തമായിരുന്നു. കള്ളാടിയിൽ മണ്ണിടിയുംവരെ കുടുംബങ്ങൾ ഇവിടെത്തന്നെ കഴിഞ്ഞു. മീനാക്ഷി എസ്‌റ്റേറ്റ് തൊഴിലാളികളും ഉന്നതി നിവാസികളും മറ്റുള്ളവരും മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടു. അപകടത്തിനുശേഷം അതീവ സാഹസികമായാണ് കുട്ടികൾ ഉൾപ്പെടെയുള്ളവരെ വിവിധ സേനാവിഭാഗങ്ങളും സന്നദ്ധപ്രവർത്തകരും ചേർന്ന് ദുരിതാശ്വാസ ക്യാന്പിലേക്ക് എത്തിച്ചത്.











0 comments