ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മസേനാംഗങ്ങൾക്ക് സരസ് മേളയിൽ ആദരം

പാലക്കാട്: ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മസേനാംഗങ്ങൾക്ക് ദേശീയ സരസ് മേളയിൽ ആദരം. തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട 219 പേരുടെ സംഗമം ഇന്ന് സരസ് മേളയിൽ നടന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇവരുടെ വിജയം 219 പേരുടെ മാത്രമല്ല, കേരളത്തിൽ ആകെയുള്ള 37,143 ഹരിതകർമ സംഘാംഗങ്ങളുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ സേനാംഗങ്ങൾ ഒട്ടേരെ അധിക്ഷേപങ്ങളും പുച്ഛവും പരിഹാസവും നേരിട്ടു. സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവരുടെ വിജയം സർക്കാരിന്റെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇങ്ങനെ വിജയിച്ച 219 പേരുടെ സംഗമം ഇന്ന് സരസ് മേളയിൽ നടന്നു.
അവർ ഏത് പാർട്ടിയുമാകട്ടെ, അവരുടെ വിജയം സർക്കാരിന്റെ വിജയമാണ്. കാരണം സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടാണ് ഹരിതകർമ്മ സേനയ്ക്ക് ഇന്നത്തെ സ്വീകാര്യത ലഭിച്ചത്. അവർക്കൊപ്പം അധിക്ഷേപവും ചീത്തയും കേട്ട ഒരാളെന്ന നിലയിൽ എനിക്ക് വ്യക്തിപരമായും ഇത് അങ്ങേയറ്റം സന്തോഷം നൽകുന്നു.









0 comments