ad
Deshabhimani

മീനാക്ഷിയുടെ 135–-ാം വാർഷികം

meenakshi novel
avatar
എ സജീവ്കുമാർ

Published on Oct 06, 2025, 02:24 AM | 1 min read


കൊയിലാണ്ടി

മലയാളത്തിൽ മൂന്നാമതായി പ്രസിദ്ധീകരിച്ച ചെറുവലത്ത് ചാത്തുനായരുടെ 'മീനാക്ഷി' നോവലിന്റെ 135–-ാം വാർഷികം ആഘോഷിക്കുന്നു. കേരള സാഹിത്യ അക്കാദമിയും അരിക്കുളം പഞ്ചായത്തും ചേർന്ന് 11ന് തിരുവങ്ങായൂർ പത്മശ്രീ മാണി മാധവചാക്യാർ കലാപഠനകേന്ദ്ര ഹാളിൽ നടത്തുന്ന പരിപാടി എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. മലയാള സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ശേഷമാണ് മീനാക്ഷി നോവൽ പ്രസിദ്ധീകരിക്കുന്നത്. 1887ലാണ് കുന്ദലത പിറന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'ഇന്ദുലേഖ' വന്നു.1890ൽ മീനാക്ഷിയും. രണ്ട് അച്ചുകൂടങ്ങളിലാണ് നോവൽ അച്ചടിച്ചതെന്നാണ് പറയുന്നത്. പേജ് 232 വരെ ഒരു പ്രസിലും 233 മുതൽ 432 വരെ കോഴിക്കോട് സ്പെക്റ്റർ പ്രസ്സിലുമാണ് അടിച്ചത്. നിലവിൽ ചിന്ത പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്.


മീനാക്ഷിക്ക് അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെപോയത്‌ ആദ്യ രണ്ടു പുസ്തകങ്ങളുടേയും രചയിതാക്കൾക്ക് അക്കാലത്ത്‌ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചതാണോ എന്ന നിരൂപകരുടെ അഭിപ്രായം ശ്രദ്ധേയമാണ്.


തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. പിന്നീട് കോഴിക്കോട് ഗവ. കോളേജ് മലയാള പണ്ഡിതനായതായും ആദ്യ പതിപ്പിൽ കാണുന്നുണ്ട്.


സവര്‍ണ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും 19–ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്‌ നോവൽ. ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു. അരിക്കുളം പഞ്ചായത്തിലെ കാരയാട് സ്വദേശിയായ ഭാര്യ മാതുവമ്മയെ കോഴിക്കോട്ട് താന്‍ ജോലിചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടുവന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് പോകാൻ പാടില്ലെന്നായിരുന്നു നിബന്ധന.


ഈ കഥയുടെ അവതരണ രീതി പഠനാര്‍ഹമാണ്. 18–ാം നൂറ്റാണ്ടില്‍ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും പിന്നീട്‌ മാമൂലികളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും നോവല്‍ കണ്ണുതുറക്കുന്നു. 21ന് നടക്കുന്ന പരിപാടിയിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ, ഡോ. പി പവിത്രൻ, ഇ പി രാജഗോപാലൻ, ജിസ ജോസ്, ഡോ. കെ കെ ബാബുരാജ് തുടങ്ങിയവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home