print edition മെഡിസെപ് പോർട്ടലിലെ തടസ്സം; ക്ലെയിമുകൾ അനുവദിക്കും

തിരുവനന്തപുരം: പോർട്ടലിലെ സാങ്കേതിക തടസ്സംമൂലം മെഡിസെപ്പിൽ പണരഹിത ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ലെയിമുകൾ അടിയന്തരമായി പരിശോധിച്ച് തുക അനുവദിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സർക്കാർ നിർദേശം നൽകി. പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാർച്ച് 14 മുതൽ 18വരെ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. ഇൗ സമയത്ത് തടസ്സമുണ്ടായെങ്കിൽ പരിഹരിക്കാനാണ് നിർദേശം നൽകിയത്.
മെഡിസെപ്പ് രണ്ടാംഘട്ടം 2026 ഫെബ്രുവരി ഒന്നുമുതലാണ് പ്രാബല്യത്തിലായത്. പദ്ധതി നടത്തിപ്പിനായി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ എച്ച്‌ബിപി 2022 (ദേശീയ ആരോഗ്യ അതോറിറ്റി പാക്കേജ്) പാക്കേജുകളും നിരക്കുകളുമാണ് സ്വീകരിച്ചത്. ഒന്നാംഘട്ടത്തിൽ 1920 പാക്കേജുകളുണ്ടായിരുന്നെങ്കിൽ രണ്ടാംഘട്ടത്തിൽ 2516 എണ്ണം ഉൾപ്പെടുത്തി.
മുറിവാടക പരമാവധി 2000 രൂപയായിരുന്നത് 5000 രൂപ വരെയാക്കി. സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക ദിവസം 2000 രൂപ വരെയാണ്. ഒരേസമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ലഭ്യമാകും. തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോ തെറാപ്പി എന്നിവയ്ക്ക് ഒന്നാംഘട്ടത്തിൽ പോർട്ടലിൽ ഓരോ തവണയും രജിസ്റ്റർ ചെയ്യേണ്ടിയിരുന്നു. ഇപ്പോൾ വൺടൈം രജിസ്‌ട്രേഷൻ സംവിധാനം ലഭ്യമാക്കി. ഇതനുസരിച്ചാണ് മെഡിസെപ് ഇൻഷുറൻസ് വെബ്പോർട്ടലിൽ മാറ്റംവരുത്തിയത്.
നിലവിൽ 2917 ക്ലയിമുകൾക്ക് ആദ്യഘട്ട അംഗീകാരവും 5367 ക്ലയിമുകൾക്ക് അന്തിമഘട്ട അംഗീകാരവും പെൻഡിങ് ആണ്. പോർട്ടൽ തകരാർ ഗുണഭോക്താക്കളെ ബാധിക്കുന്നത് ശ്രദ്ധയിൽപെട്ട ഉടൻ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവനവകുപ്പിനെ സർക്കാർ വിഷയം അറിയിച്ചു.
തുടർന്ന് ഇൗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും 48 മണിക്കൂറിനകം വിഷയം പൂർണമായി പരിഹരിച്ച് പദ്ധതി സുഗമമായി നടത്തുന്നതാണെന്ന് ഉറപ്പും നൽകി. കൂടാതെ ഇൗ കാലയളവിൽ ഏതെങ്കിലും ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായെങ്കിൽ ക്ലെയിമുകൾ പരിശോധിച്ച് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന നിർദ്ദേശവും സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകി.










0 comments