പാക്കേജുകളിൽ വർധന, മുറി വാടക പരമാവധി ഉയർത്തി; മെഡിസെപ്പിന്റെ പോർട്ടൽ നേരിട്ടത് സാങ്കേതിക തടസ്സം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പാക്കേജുകളിൽ വർധന. ഒന്നാം ഘട്ടത്തിലെ ചികിത്സാ പാക്കേജുകളിൽ നിന്നും വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ പല പാക്കേജുകളും വർധിപ്പിച്ചു. കൂടാതെ മുറി, വാർഡ് വാടകകളും പരമാവധി ഉയർത്തി.
ഇത്തര്യം മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 14/03/2026 മുതൽ 18/03/2026 വരെ പോർട്ടലിൽ സാങ്കേതിക തടസ്സം നേരിട്ടുവെന്ന് അധികൃതർ അറിയിച്ചു. ഇത് കാരണം ഏതെങ്കിലും മെഡിസെപ് ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ലെയിമുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിച്ചു ക്ലെയിം അനുവദിക്കേണ്ടതാണെന്ന നിർദ്ദേശം സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകിയിട്ടുണ്ട്.
മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടം 01/02/2026 തീയതി പ്രാബല്യത്തിൽ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിലും പദ്ധതി നടത്തിപ്പിനായി ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിലെ ചികിത്സാ പാക്കേജുകളിൽ നിന്നും വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ HBP 2022 (Health Benefit Package developed by National Health Authority) അടിസ്ഥാനമാക്കിയിട്ടുള്ള പാക്കേജുകളും നിരക്കുകളുമാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ മെഡിക്കൽ സർജിക്കൽ പാക്കേജുകൾ ഉൾപ്പെടെ നിലവിലുള്ള 1920 പാക്കേജുകളുടെ സ്ഥാനത്തു 2516 ഓളം പാക്കേജുകൾ ഉൾപ്പെടുത്തി പരിഷ്ക്കരിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ മുറി വാടക പരമാവധി 2000/-രൂപ ആയിരുന്ന സ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ മുറി വാടക പ്രതിദിനം 5000/- രൂപ വരെ ലഭ്യമാകുന്നതാണ്. സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000/- രൂപ വരെയാണ് .ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ലഭ്യമാകുന്നതാണ് .മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിന് ഉപരിയായി High End Medicines, Diagnostics എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും ആയത് അടിസ്ഥാന നിരക്കിനോടൊപ്പം ലഭ്യമാകുന്നതുമാണ്. തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഒന്നാം ഘട്ടത്തിൽ ഇൻഷ്വറൻസ് പോർട്ടലിൽ ഓരോ തവണയും രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന സ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ ഒരു വൺ ടൈം രജിസ്ട്രേഷൻ സംവിധാനം ലഭ്യമാക്കുന്നതാണ്.
ഇതിനനുസൃതമായി മെഡിസെപ് ഇൻഷുറൻസ് വെബ്പോർട്ടലിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 14/03/2026 മുതൽ 18/03/2026 വരെ പോർട്ടലിൽ സാങ്കേതിക തടസ്സം നേരിടുകയുണ്ടായി. ഇത് കാരണം ഏതെങ്കിലും മെഡിസെപ് ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ടി ക്ലെയിമുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിച്ചു ക്ലയിം അനുവദിക്കേണ്ടതാണെന്ന നിർദ്ദേശം സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകിയിട്ടുണ്ട്.










0 comments