ad
Deshabhimani

print edition മെഡിസെപ്‌ 2.0 നാളെമുതൽ

medicep
വെബ് ഡെസ്ക്

Published on Jan 31, 2026, 02:39 AM | 1 min read


തിരുവനന്തപുരം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം ഫെബ്രുവരി ഒന്നിന്‌ നിലവിൽവരും. അടിസ്ഥാന വാർഷിക ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷമാക്കിയതുൾപ്പടെ കൂടുതൽ ആകർഷകമാണ്‌ രണ്ടാംഘട്ടം. ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളുമുൾപ്പടെ 31,35,806 പേരാണ്‌ അംഗങ്ങൾ.


2022 ജൂലൈ ഒന്നിനാണ്‌ രാജ്യത്താദ്യമായി സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും കുടുംബാംഗങ്ങൾക്കുമായുള്ള മാതൃകാ ഇൻഷുറൻസ്‌ പദ്ധതി എന്ന നിലയിൽ മെഡിസെപ്‌ തുടങ്ങിയത്‌. മൂന്നുവർഷമായിരുന്നു കാലാവധി. 2025 ജൂൺ 30ന്‌ അവസാനിക്കേണ്ടിയിരുന്ന പദ്ധതി, രണ്ടാംഘട്ടം വരുംവരെ ദീർഘിപ്പിച്ചു. ദീർഘമായ പഠനം നടത്തിയും ജീവനക്കാരുമായി ചർച്ചചെയ്‌തുമാണ്‌ രണ്ടാംഘട്ടത്തിന്‌ രൂപംനൽകിയത്‌. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി. പട്ടിക ഉടൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.


പ്രതിമാസം 687 രൂപ വീതം വര്‍ഷം 8,244 രൂപ മാത്രമാണ്‌ പ്രീമിയം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് നിര്‍വഹണ ചുമതല. ഗുണഭോക്താക്കളാകാൻ പ്രായപരിധിയില്ല. 24 മണിക്കൂർ കോൾ സെന്റർ, പരാതി പരിഹാരത്തിന്‌ ത്രിതല സംവിധാനം എന്നിവയുമുണ്ട്‌. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഐഎംഎ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.


സഹകരണമേഖലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബങ്ങൾക്കും ഇതേ മാതൃകയിൽ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home