ad
Deshabhimani

33 ലക്ഷം ഗുണഭോക്താക്കൾ , പ്രീമിയം കുറയ്‌ക്കാൻ സർക്കാർ ജിഎസ്‌ടി ഒഴിവാക്കി

print edition മെഡിസെപ്‌ രണ്ടാംഘട്ടം കൂടുതൽ ആകർഷകം ; ഇടവേളയില്ലാതെ 
ആനുകൂല്യം തുടരും

medicep
വെബ് ഡെസ്ക്

Published on Jan 22, 2026, 03:38 AM | 2 min read


തിരുവനന്തപുരം

സംസ്ഥാനത്തെ അധ്യാപകരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ തുടങ്ങി 33 ലക്ഷത്തോളംപേർക്ക് വർധിച്ച ചികിത്സാചെലവിൽനിന്ന്‌ ആശ്വാസമേകുന്ന മെഡിസെപ്‌ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ കൂടുതൽ ആകർഷകം. സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാകുന്നതാണ്‌ പുതിയ മാറ്റം. പ്രീമിയത്തിലും വലിയ വർധനയില്ല.


രാജ്യത്ത്‌ ആദ്യമായി ആരംഭിച്ച മെഡിസെപ്‌ ജൂണിൽ അവസാനിച്ചിരുന്നു. ജീവനക്കാരുടെയും സംഘടനകളുടെയും അഭിപ്രായംകൂടി തേടിയാണ്‌ സർക്കാർ രണ്ടാംഘട്ടം തുടങ്ങുന്നത്‌. നിലവിലുള്ള പദ്ധതിയിലെ പോരായ്മ പരിഹരിച്ച്‌ പുതിയ പദ്ധതിക്കാവശ്യമായ നിർദേശം സമർപ്പിക്കാൻ ധന അഡീഷണൽ സെക്രട്ടറിയായിരുന്ന ഡോ. ശ്രീരാം വെങ്കിട്ടറാമിന്റെ നേതൃത്വത്തിൽ വിദഗ്‌ധസമിതിയെ നിയമിച്ചിരുന്നു. ഇ‍ൗ കമ്മിറ്റിയുടെ നിർദേശംകൂടി പരിഗണിച്ചാണ്‌ വിപുലീകരിച്ച രണ്ടാംഘട്ടം. ജൂൺ 30ന്‌ ആദ്യഘട്ടം അവസാനിച്ചെങ്കിങ്കിലും ജനുവരിവരെ നീട്ടി. രണ്ടുവർഷമാണ്‌ രണ്ടാംഘട്ടത്തിന്റെ കാലാവധി.


500 രൂപയായിരുന്ന മാസപ്രീമിയം 810 രൂപയാക്കണമെന്നായിരുന്നു ഇൻഷുറൻസ്‌ കമ്പനിയുടെ ആവശ്യം. ജിഎസ്‌ടി ഒഴിവാക്കി സർക്കാർ ജീവനക്കാർക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതോടെ പ്രീമിയം 687 രൂപ മാത്രമാകും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജിപ്മര്‍ എന്നീ ആശുപത്രികള്‍ എംപാനല്‍ ചെയ്തില്ലെങ്കിലും ഇവിടങ്ങളിലെ ചികിത്സയ്‌ക്ക്‌ റീ-ഇംപേഴ്സ്‌മെന്റ് ലഭ്യമാകും.


റോഡപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാം. ചെലവ് കമ്പനി മടക്കി നല്‍കും. റീ-ഇംപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള അധിക പരിരക്ഷ തുടരും. ഇതിനായി രണ്ടുവര്‍ഷത്തേക്ക്‌ 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. ചികിത്സാ പാക്കേജ് നിരക്കില്‍ അഞ്ച്‌ ശതമാനം വര്‍ധനയുണ്ടാകും.


രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം ഫെബ്രുവരി ഒന്നിന്‌ നിലവിൽവരും. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി. ജീവനക്കാരോടും പെൻഷൻകാരോടും സംഘടനകളോടും അഭിപ്രായം തേടിയും പഠനം നടത്തിയുമാണ്‌ രണ്ടാംഘട്ടം നടപ്പാക്കുന്നത്‌.


പ്രതിമാസം 687 രൂപ വീതം വര്‍ഷം 8,244 രൂപ മാത്രമാണ്‌ പ്രീമിയം. നിര്‍വഹണച്ചുമതല ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്‌. പ്രായപരിധിയില്ല. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ്, കുടുംബ പെന്‍ഷന്‍കാര്‍, യൂണിവേഴ്സിറ്റികളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാർ, പെന്‍ഷന്‍കാർ, അവരുടെ ആശ്രിതർ എന്നിവരാണ്‌ ഗുണഭോക്താക്കൾ. ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ച ഹെല്‍ത്ത് ബെനഫിറ്റ് പാക്കേജ് 2022 അനുസരിച്ചാണ്‌ പാക്കേജുകൾ. അതിനാൽ കൂടുതല്‍ ആശുപത്രികളുടെ സേവനം ലഭ്യമാകും.


എംപാനൽ ചെയ്‌ത ആശുപത്രികളിൽ പണമടയ്‌ക്കാതെ കിടത്തിച്ചികിത്സ സാധ്യമാകും. ലഭ്യമായ എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഉൾപ്പെടുത്തും. നിലവിലെ 1,920 പാക്കേജ്‌ 2,516 ആയി. പ്രതിദിന മുറിവാടക 5,000 രൂപവരെയാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളിലേത്‌ 2,000 രൂപവരെയാക്കി.


മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക തുക നിശ്ചയിച്ച്‌ അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ ചികിത്സ തേടേണ്ടവയ്‌ക്ക്‌ ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി സൗജന്യ ചികിത്സ ഉറപ്പാക്കും.


ഗുണഭോക്താക്കളാകാൻ പ്രായപരിധിയില്ല. 24 മണിക്കൂർ കോൾ സെന്റർ, പരാതി പരിഹാരത്തിന്‌ ത്രിതല സംവിധാനം എന്നിവയുമുണ്ട്‌. പ്രൈവറ്റ് ഹോസ്‌പിറ്റല്‍ അസോസിയേഷന്‍, ഐഎംഎ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പാക്കേജുകളും ആശുപത്രികളുടെ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കും.


knb



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home