അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഇടിഞ്ഞു
print edition പശ്ചിമേഷ്യൻ യുദ്ധം: ആശുപത്രികൾ പ്രതിസന്ധിയിൽ; ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് ആശങ്ക

പ്രതീകാത്മക ചിത്രം
അമൽ ഷൈജു
Published on Mar 21, 2026, 01:04 AM | 1 min read
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്നുണ്ടായ ഇന്ധന പ്രതിസന്ധിക്കു പിന്നാലെ രാജ്യത്തെ ആരോഗ്യമേഖലയും അപകടത്തിലേക്ക്. ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട വസ്തുക്കളുടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. വരുംദിവസങ്ങളിൽ ശസ്ത്രക്രിയ ഉൾപ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് ആശുപത്രികൾ.
അപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്‌ക്കും ഉപയോഗിക്കേണ്ട അസംസ്‌കൃത വസ്തുക്കൾക്കാണ് കനത്ത ക്ഷാമം നേരിടുന്നത്. ശസ്ത്രക്രിയയിലും അണുബാധ തടയാനും ഉപയോഗിക്കുന്ന ആൽബുമിൻ, അണുവിമുക്തമായ കൈയുറകൾ നിർമിക്കാൻ ആവശ്യമായ പോളിപ്രൊപ്പലീൻ തുടങ്ങിയവ മലേഷ്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പലതും അസംസ്കൃത വസ്തുക്കളായാണ് എത്തുന്നത്. ഇവ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യയിലെ കന്പനികൾ ആശുപത്രികളിൽ വിതരണംചെയ്യുന്നത്.
എന്നാൽ, യുദ്ധം കടുത്തതോടെ ഇവയുടെ ഇറക്കുമതി ഏതാണ്ട് നിലച്ചമട്ടാണ്. ഇതുമൂലം പല ഉൽപ്പന്നങ്ങളുടെയും വിലയിൽ 15 മുതൽ 25 ശതമാനം വരെ വർധനയുണ്ടായി. രാജ്യത്ത് ഒട്ടുമിക്ക ആശുപത്രികളിലും ഒരുമാസത്തേക്കുള്ള കരുതൽ ശേഖരം മാത്രമാണുള്ളത്. യുദ്ധം നീണ്ടാൽ ഇവയുടെ വില കുതിച്ചുയരുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
അവധിക്കാലമായതിനാൽ ഏപ്രിൽ, മെയ് മാസങ്ങൾ നിരവധിപേർ ശസ്ത്രക്രിയ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇവ പ്രതിസന്ധിയിലാകുമെന്നു ആശങ്കയുമുണ്ട്. പല കമ്പനികളും ഇതിനോടകം ഉൽപ്പന്നങ്ങൾക്ക് നേരിയതോതിൽ വില വർധിപ്പിച്ചു. ആൽബുമിന്റെ ഘടകങ്ങൾക്ക് വില ഇരട്ടിയായി. വരുംദിവസങ്ങളിൽ രോഗീപരിചരണം കൂടുതൽ ചെലവേറിയതാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഉൽപ്പന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറുകിട ആശുപത്രികൾ പൂട്ടൽ ഭീഷണിയിലാണ്.











0 comments