ad
Deshabhimani

print edition പശ്ചിമേഷ്യൻ യുദ്ധം; ഇന്ധനക്ഷാമം രൂക്ഷം; ഫാക്ട് വൻ പ്രതിസന്ധിയിലേക്ക്

fact
avatar
കെ പി വേണു

Published on Mar 24, 2026, 01:47 AM | 1 min read

കളമശേരി : രാജ്യത്തെ വൻകിട വളം ഉൽപ്പാദകരായ ഫാക്ട്, പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വൻ പ്രതിസന്ധിയിലേക്ക്. വളം, ആസിഡ് എന്നിവയുടെ നിർമാണത്തിലെ പ്രധാന ഘടകമായ അമോണിയയുടെ ഉൽപ്പാദനം 57 ശതമാനമായി വെട്ടിക്കുറച്ചു. പെട്രോനെറ്റ് വിതരണം ചെയ്യുന്ന എൽഎൻജിയാണ് ഫാക്ടിൽ അമോണിയ ഉൽപ്പാദനത്തിനുള്ള ഇന്ധനം. ഖത്തർ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നായിരുന്നു എൽഎൻജി ലഭിച്ചിരുന്നത്. യുദ്ധം തുടങ്ങിയശേഷം ഇന്ധനക്ഷാമത്തെ തുടർന്ന് മൂന്ന് ഘട്ടമായി ഫാക്ടിനുള്ള ഇന്ധനക്വാട്ട യഥാക്രമം 80, 65, 57 ശതമാനമായി കുറച്ചിരുന്നു. ഇന്ധനക്വാട്ടയ്ക്കനുസരിച്ചാണ് ഉൽപ്പാദനം ക്രമീകരിച്ചത്. ഇതോടെ വളം ഉൽപ്പാദനത്തിലും ആസിഡ് ഉൽപ്പാദനത്തിലും വലിയ ഇടിവാണുണ്ടായത്. ​


ലോകമാർക്കറ്റിൽ അമോണിയക്ക് വില കുറയുമ്പോൾ വാങ്ങി സംഭരിച്ചുവയ്‌ക്കുകയാണ് പതിവ്. ലഭ്യത കുറയുമ്പോൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയതോടെ അമോണിയ വരവ് നിലച്ചു. കൊച്ചി ഡിവിഷനിൽ 15,000 ടൺ, ഉദ്യോഗമണ്ഡലിൽ 10,000 ടൺ, ഐലൻഡിൽ 10,000 ടൺവീതം (ആകെ 35,000 ടൺ) സംഭരണശേഷി ഉണ്ടെങ്കിലും 19,000 ടൺമാത്രമാണ് ശേഷിക്കുന്നത്. സാമ്പത്തിക വർഷാവസാനമായതിനാൽ, കന്പനി അടച്ചിടുന്നതടക്കമുള്ള നയപരമായ തീരുമാനമെടുക്കാനും പരിമിതിയുണ്ട്. വിറ്റുവരവിനെ ബാധിച്ചാൽ വാർഷിക ലാഭവിഹിതത്തിൽ മാറ്റമുണ്ടാകും. അതിനാൽ ഏപ്രിൽ ഒന്നുവരെ കാത്തിരിക്കുകയാണ് മാനേജ്മെന്റ്‌.​


ഏപ്രിൽ ഒന്നുമുതൽ 30 ദിവസത്തെ വാർഷിക അടച്ചിടൽ പതിവാണെന്നും അതുവരെ പരിമിതമായ നിലയിലാണെങ്കിലും അമോണിയ ഉൽപ്പാദനം തുടരുമെന്നും അധികൃതർ പറഞ്ഞു. ദിവസ ഉൽപ്പാദനശേഷി 900 ടണ്ണാണെങ്കിലും നിലവിൽ 500 ടണ്ണിൽത്താഴെമാത്രമാണ്‌ ഉൽപ്പാദനം. യുദ്ധത്തിനുമുമ്പുതന്നെ അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവുമൂലം ഉൽപ്പാദനം കുറയുകയും വളത്തിന് കടുത്ത ക്ഷാമം നേരിടുകയും ചെയ്തിരുന്നു. യുദ്ധം തുടരുകയാണെങ്കിൽ ഇന്ധനപ്രതിസന്ധി രൂക്ഷമാകും, അമോണിയ ഉൽപ്പാദനം നിലയ്ക്കും. ഇത് മറ്റ് വളങ്ങളുടെ ഉൽപ്പാദനത്തെയും ബാധിക്കും. കമ്പനി അടച്ചുപൂട്ടുന്ന അവസ്ഥയിലുമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home