ഡ്രൈ ഡേയിലും യുഡിഎഫിന്റെ യു-ടേൺ; ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിലുള്ള മലക്കംമറിച്ചിലെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കുന്ന വിഷയത്തിൽ യുഡിഎഫിന്റേത് തികഞ്ഞ യു ടേൺ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗത്തിലെ വെറുമൊരു ചർച്ചയുടെ പേരിൽ അഴിമതി ആരോപിച്ച് നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവന്നവർ, ഇന്ന് അധികാരത്തിലെത്തിയപ്പോൾ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനും ടൂറിസം മന്ത്രിയും ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിലാണ് നിലപാട് മാറ്റുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം ടൂറിസം മേഖലയിൽനിന്ന് എല്ലാ കാലത്തും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ടൂറിസം ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിലും ടൂറിസം മേഖലയിലെ സംരംഭകരും മറ്റ് ബന്ധപ്പെട്ടവരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. യോഗത്തിൽ ഉയർന്ന ആവശ്യം സ്വാഭാവികമായും മിനിറ്റ്സിൽ രേഖപ്പെടുത്തി. ഡ്രൈ ഡേ ഒഴിവാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നില്ല. എന്നാൽ ഈ മിനിറ്റ്സ് ഉയർത്തിക്കാട്ടി എൽഡിഎഫ് സർക്കാർ ഡ്രൈ ഡേ ഒഴിവാക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തത്. ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് അന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് അടിസ്ഥാനരഹിതമായ ആരോപണവും യുഡിഎഫ് ഉന്നയിച്ചിരുന്നു.
എന്നാൽ ഇന്ന് അതേ യുഡിഎഫ് തന്നെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയാണ്. അന്ന് അഴിമതിയെന്ന് പറഞ്ഞവർ ഇപ്പോൾ എന്താണ് പറയുന്നതെന്ന് എം ബി രാജേഷ് ചോദിച്ചു.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന കോൺഫറൻസുകളും മറ്റ് പരിപാടികളും നഷ്ടപ്പെടാതിരിക്കാനായിരുന്നു ആ തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ബാർ ഹോട്ടലുകളിൽ ഇത്തരം പരിപാടികൾ നടത്തുമ്പോൾ ഒരാഴ്ച മുമ്പ് അപേക്ഷ നൽകി നിശ്ചിത ഫീസായ 50000 രൂപ അടച്ച് ഒരു ദിവസത്തേക്ക് പ്രത്യേക പെർമിറ്റ് നേടാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. ഡ്രൈ ഡേ നിലനിർത്തിക്കൊണ്ടുതന്നെ ടൂറിസം മേഖലയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.
ഈ ഫീസ് പോലും വേണ്ടെന്ന് വെക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന് കിട്ടുന്ന വരുമാനമാണത്. എന്നിട്ടും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ആർക്കുവേണ്ടിയാണ് ഈ ഇളവ് നൽകാൻ ശ്രമിക്കുന്നത്. ഇതിന് പിന്നിലെ താൽപ്പര്യമെന്താണ്. ഡ്രൈ ഡേ ഒഴിവാക്കുന്നതിന് അരങ്ങൊരുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും രാജേഷ് പറഞ്ഞു.
നിയമസഭയിലെ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ടൂറിസം മന്ത്രിയും ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇത് ഏതെങ്കിലും ഉദ്യോഗസ്ഥൻ യോഗത്തിൽ ഉന്നയിച്ച ആവശ്യമല്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും നേരിട്ടാണ് ഇപ്പോൾ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് പറയുന്നത്. അന്ന് ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗത്തിലെ മിനിറ്റ്സിന്റെ പേരിൽ അഴിമതി ആരോപിച്ചവർ ഇന്ന് മുഖ്യമന്ത്രിയും മന്ത്രിയും ഇതേ ആവശ്യമുന്നയിക്കുമ്പോൾ എന്താണ് പറയുന്നതെന്ന് എം ബി രാജേഷ് ചോദിച്ചു.








0 comments