print edition തദ്ദേശ വികസന ഫണ്ട് ബോധപൂർവം തടയുന്നു: എം ബി രാജേഷ്

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം ബോധപൂർവം മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും തടയുകയാണെന്ന് മുൻ മന്ത്രി എം ബി രാജേഷ്. സാമ്പത്തിക വർഷം ആരംഭിച്ച് നാലര മാസമായിട്ടും വികസന ഫണ്ടും മെയിന്റനൻസ് ഫണ്ടും അനുവദിച്ചിട്ടില്ല. നിലവിൽ അങ്കണവാടി പോഷകാഹാര വിതരണം, പാലിയേറ്റീവ്, ബഡ്‌സ് സ്കൂൾ പ്രവർത്തനങ്ങളെല്ലാം നിലച്ചു. ശമ്പളം മുടങ്ങിയതോടെ ആശുപത്രികളിലെ സായാഹ്ന ഒപി മുടങ്ങി.
ലൈഫ് പദ്ധതിയിൽ തുടർ ഗഡുവുമില്ല. തുക അനുവദിച്ചാലേ തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കാനാകു. തുക അനുവദിക്കാൻ 31 നകം ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം വേണം. അതിനുള്ള നടപടിക്രമം നടത്തിയിട്ടില്ല. ഇൗ സ്ഥിതിയിൽ പദ്ധതി നിർവഹണത്തിനുള്ള ആറ് മാസം തദ്ദേശ സ്ഥാപനങ്ങൾക്ക് നഷ്ടമാകും. അനുവദിച്ച തുക ചെലവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല.
മാത്രമല്ല 16–ാം കേന്ദ്ര ധനകാര്യ കമീഷന്റെ ശുപാർശയിൽ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്‌ക്കുകയും നഗരസഭ, കോർപറേഷനുകൾക്ക് വിഹിതം കൂട്ടുകയും ചെയ്തു. ഇൗ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സംസ്ഥാന ധനകാര്യ കമീഷൻ ജൂൺ രണ്ടിന് സപ്ലിമെന്ററി റിപ്പോർട്ട് നൽകിയെങ്കിലും നിയമസഭയിൽ അവതരിപ്പിക്കാതെ മുഖ്യമന്ത്രിയും തദ്ദേശ വകുപ്പും അനാസ്ഥ കാണിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് പദ്ധതിരൂപീകരണം സംബന്ധിച്ച തീരുമാനങ്ങൾ ജനുവരിയിൽ പൂർത്തിയാക്കി മാർച്ച് 31 നകം ഡിപിസി അംഗീകാരം നേടുമായിരുന്നു. കേന്ദ്രസർക്കാർ ഏൽപ്പിച്ച സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശ വികസനത്തിനുള്ള തുക മുടക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തദ്ദേശ വികസന ഫണ്ട് പദ്ധതി അടങ്കലിന്റെ 20.45 ശതമാനം മാത്രമാണ്. പിന്നീടുവന്ന എൽഡിഎഫ് സർക്കാർ പടിപടിയായി വർധിപ്പിച്ച് 28.50 വരെയാക്കി.
യുഡിഎഫ് സർക്കാർ ബജറ്റിൽ 1533.5 കോടി രൂപയാണ് വെട്ടിക്കുറച്ചത്. തുക വെട്ടിക്കുറച്ചതിന് പുറമെ ഇപ്പോൾ ആദ്യ ഗഡുവും മുടക്കി പ്രാദേശിക വികസനം അട്ടിമറിക്കുകയാണ് സർക്കാരെന്നും എം ബി രാജേഷ് പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.








0 comments