print edition 'പണമതാ'ധിപത്യം' കോൺഗ്രസിൽ അധികാരലഹള

തിരുവനന്തപുരം
കൊച്ചി മേയർ തെരഞ്ഞെടുപ്പിനെ തുടർന്ന് കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട "അധികാര ലഹള'യ്ക്ക് തൃശൂരിൽ പുതിയമാനം. ഗ്രൂപ്പടിസ്ഥാനത്തിലും ചില സഭകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചും നിയമനം നടത്തുന്നുവെന്ന ആക്ഷേപമാണ് കൊച്ചിയിലുണ്ടായത്. എന്നാൽ, പണം വാങ്ങിയും തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് പദവികൾ വിൽക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് തൃശൂരിൽ ഉയർന്നത്.
ഞായർ വരെ തൃശൂർ മേയറാകും എന്ന് കോൺഗ്രസുകാരടക്കം കരുതിയിരുന്ന, നാലാം തവണയും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ലാലി ജെയിംസാണ് നേതാക്കൾക്കെതിരെ പണപ്പെട്ടി ആരോപണം ഉന്നയിച്ചത്. തന്നോട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടു എന്ന് മാത്രമല്ല, മേയർ ആയി തീരുമാനിക്കപ്പെട്ട നിജിൻ ജസ്‌റ്റിൻ പണം കൊടുത്തുവെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. തന്റെ കെെയിൽ പണമില്ലാത്തതുകൊണ്ട് മേയർ ആകാൻ കഴിഞ്ഞില്ലെന്ന, കോൺഗ്രസിലെ ദുരവസ്ഥയാണ് അവർ തുറന്നുപറഞ്ഞത്.
കൊച്ചിയിൽ മേയർ സ്ഥാനത്തേക്ക് ആദ്യം മുതലേ ഉയർന്നു കേട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരിവർഗീസിനെ തഴഞ്ഞാണ് വി കെ മിനിമോൾ കസേര പിടിച്ചത്. ഇതിൽ സഭയുടെ പങ്കും നേതാക്കൾ വിളിച്ചു പറഞ്ഞു. കെ സി വേണേുഗോപാൽ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന ദീപ്തിയെ കൊച്ചിയിൽ സതീശൻ വിഭാഗം വെട്ടിയെന്നാണ് ആരോപണം. പണമെറിഞ്ഞ് തൃശൂരിൽ മേയർസ്ഥാനം പിടിച്ചുവെന്ന് ആക്ഷേപമുയർന്ന നിജി ജസ്റ്റിൻ വേണുഗോപാൽ വിഭാഗത്തോടൊപ്പമാണെന്നും പറയുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നതിനാൽ പണമെറിഞ്ഞുള്ള കളികളാണ്. വിമതനും സ്വതന്ത്രനും കോടികളാണ് വില. കോൺഗ്രസ് വിമതൻ വിട്ടുനിന്നതും രണ്ടു കോൺഗ്രസ് വോട്ട് അസാധുവായതും ഇതിനു തെളിവാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ കോൺഗ്രസും ബിജെപിയും പരസ്പരസഹായ സംഘമായി പ്രവർത്തിച്ചുവെന്ന് വോട്ടുകണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം നിഷേധിക്കാനോ കൂടുതൽ ചർച്ചയാക്കാനോ ഇരുകൂട്ടരും തയ്യാറായില്ല. തൃശൂരിൽ പണപ്പെട്ടി വിവാദം ഉയർന്നതോടെ കോൺഗ്രസിന്റെ മുൻകാല പണപ്പെട്ടിക്കഥകൾ വീണ്ടും സജീവമായി.










0 comments