ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ നഗരസഭ സുസജ്ജം: ആര്യാ രാജേന്ദ്രൻ

attukal pongala
വെബ് ഡെസ്ക്

Published on Mar 12, 2025, 03:51 PM | 1 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ തിരുവനന്തപുരം നഗരസഭ സുസജ്ജമായതായി മേയർ ആര്യാ രാജേന്ദ്രൻ. പൊങ്കാലയ്‌ക്ക്‌ ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങൾ ഉച്ച മൂന്ന്‌ മണിക്ക്‌ തന്നെ തുടങ്ങുമെന്നും ഇതിനായി 3204 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചതായും മേയർ അറിയിച്ചു.


‘ആറ്റുകാല്‍ പൊങ്കാല നാളെ നടക്കുകയാണ്. പൊങ്കാലയോടനുബന്ധിച്ച് എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. കുടിവെള്ളം/അന്നദാന വിതരണം നടത്തുന്നവര്‍ മുന്‍കൂട്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയത് പ്രകാരം 228 സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ള/അന്നദാന വിതരണം നടത്തുന്നിടത്ത് പ്രത്യേക സ്ക്വാഡ് പരിശോധന ഉണ്ടാകും. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനം/കുടിവെള്ളം വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.’– മേയർ പറഞ്ഞു.


‘കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം മൂന്ന്‌ മണിമുതല്‍ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.’– ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.


പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദാരിദ്ര്യ/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അനധികൃതമായി ചുടുകല്ലുകള്‍ ശേഖരിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകും. സുരക്ഷിതമായി പൊങ്കാലയിടാന്‍ ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന്‌ പറഞ്ഞ ആര്യ ഏവര്‍ക്കും പൊങ്കാല ആശംസകൾ നേരുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home