'പുഷ്പവതി പാടേണ്ട'; മാനവീയം വീഥിയിൽ പരിപാടിക്ക് അനുമതി നിഷേധിച്ച് മേയർ

തിരുവനന്തപുരം : മാനവീയം വീഥിയിൽ ഗായിക പുഷ്പവതി പാടേണ്ടിയിരുന്ന പരിപാടിക്ക് വിലക്കുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. പരിപാടിക്ക് നഗരസഭ അനുമതി നിഷേധിച്ചു. മാനവീയം രജതജൂബിലി കമ്മിറ്റിയുടെ ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾക്കാണ് അനുമതി നിഷേധിച്ചത്. എന്നാൽ അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമല്ല. പരിപാടിക്ക് അനുമതിയില്ല എന്ന് മാത്രമാണ് മേയർ പറയുന്നത്.
തിരുവനന്തപുരത്തിന്റെ സാംസ്കാരിക ഇടമായ മാനവീയത്ത് പരിപാടികൾക്ക് അനുമതി നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ശനി വൈകിട്ടാണ് പുഷ്പവതി പാടുന്നു എന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. സാംസ്കാരിക പ്രവർത്തകർ വെള്ളി വൈകിട്ട് മാനവീയം വീഥിയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നടൻ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കുനേരെ പൊലീസ് അതിക്രമം നടത്തിയിരുന്നു. ഇതിനു ശേഷമാണ് മാനവീയം വീഥിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷൻ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി തുടങ്ങിയത്.
എസ്ഐആറിനെതിരായ പ്രതിഷേധത്തിന് ശേഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുകയാണ് ബിജെപി ഭരണസമിതിയെന്നും പരിപാടികൾ നടത്തുന്നവർക്കെതിരെ കേസെടുക്കുന്നുണ്ടെന്നും മാനവീയം സാസ്കാരിക കൂട്ടായ്മ പ്രവർത്തകർ പറയുന്നു. ബിജെപിയുടെ പരിപാടികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്നും മറ്റ് സംഘടനകളുടെ പരിപാടികൾക്ക് അനുമതി നൽകുന്നില്ലെന്നും സാംസ്കാരിക പ്രവർത്തകർ പറയുന്നു.









0 comments