print edition വല ഫാക്ടറികളിൽ നൂൽക്ഷാമം; ടെൻഡർ നടപടി നീണ്ടു


സ്വന്തം ലേഖകൻ
Published on Oct 27, 2026, 04:18 AM | 2 min read
കണ്ണൂർ : ടെൻഡർ നടപടികൾ നീണ്ടതോടെ മത്സ്യഫെഡിന്റെ വലനിർമാണ ഫാക്ടറികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. യഥാസമയം ടെൻഡർ നടപടികൾ നടക്കാത്തതിനാൽ വല നിർമിക്കാൻ ഉപയോഗിക്കുന്ന നൈലോൺ നൂൽ സ്‌റ്റോക്ക് തീർന്നു. വലനിർമാണത്തിലെ പ്രതിസന്ധി വരും ദിവസങ്ങളിൽ മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കും.
മൂന്നുമാസംമുന്പ് മത്സ്യഫെഡ് വലനിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ടെൻഡർ ക്ഷണിച്ചിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കുതിച്ചുകയറിയതോടെ കന്പനികൾ നിലവിൽ ക്വാട്ട് ചെയ്‌ത വിലയ്‌ക്ക് നൂൽ ഉൾപ്പെടെയുള്ളവ എത്തിക്കാനാകില്ലെന്ന് കത്ത് നൽകി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ടെൻഡറിൽ നെഗോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും മത്സ്യഫെഡ് ഡയറക്ടർമാരുടെ യോഗം അനുമതി നൽകിയില്ല. പുതിയ ടെൻഡർ വേണ്ടിവന്നതോടെ തിരുവനന്തപുരം, കൊച്ചി, അഴീക്കൽ എന്നിവിടങ്ങളിൽ നൂൽ പ്രതിസന്ധി രൂക്ഷമായി.
110 തൊഴിലാളികൾ മൂന്ന് ഷിഫ്‌റ്റിൽ ജോലിചെയ്യുന്ന അഴീക്കൽ വലനിർമാണ ഫാക്ടറിയിൽ മാസം 18–20 ടൺ നൂൽ വേണം. അവധിദിനങ്ങളിൽ ഉൾപ്പെടെ കന്പനി പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലും സമാനമായാണ് ഉൽപ്പാദനം. തിരുവനന്തപുരം മുട്ടത്തറയിലെ വല ഫാക്ടറിയിൽ മാസം 25 ടൺ നൂൽ വേണം. പുതിയ ഇ– ടെൻഡറിന്റെ അവസാന തീയതി 31 ആണ്. ഇതിന്റെ നടപടികൾ പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും.
നേരത്തേ നൽകിയ വിലയ്‌ക്ക് ആറ് ടൺ നൂൽ തിങ്കളാഴ്‌ച എത്തിച്ചതിനാൽ തൽക്കാലം പ്രതിസന്ധിയില്ലെന്ന് അഴീക്കൽ വലനിർമാണ ഫാക്ടറി അധികൃതർ പറയുന്നു. ഇതിൽ എല്ലാ ഇനം നൂലും ഇല്ലാത്തതിനാൽ മെഷീനുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകില്ല. നിലവിലുള്ള സ്‌റ്റോക്ക് ഒരാഴ്‌ചത്തേക്ക് തികയില്ല. കഴിഞ്ഞയാഴ്‌ച ഏതാനും മെഷീനുകൾ നൂലില്ലാത്തതിനാൽ പ്രവർത്തിച്ചിരുന്നില്ല.
അഴീക്കലിലും കൊച്ചിയിലും 25 വലനിർമാണ യന്ത്രങ്ങളാണുള്ളത്. തിരുവനന്തപുരത്ത് 30 യന്ത്രങ്ങളുണ്ട്. അവധിദിനങ്ങളിൽ ഉൾപ്പെടെ ഉൽപ്പാദനം നടക്കുന്ന വല ഫാക്ടറികൾ മത്സ്യമേഖലയ്‌ക്ക് വലിയ ആശ്വാസമായിരുന്നു. കുറഞ്ഞ വിലയ്‌ക്ക് ഗുണനിലവാരമുള്ള വല ലഭിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഭൂരിഭാഗവും മത്സ്യഫെഡിനെയാണ് ആശ്രയിക്കുന്നത്. വലയ്‌ക്ക് ക്ഷാമം നേരിട്ടാൽ മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കന്പനികൾ രംഗപ്രവേശം ചെയ്‌തേക്കുമെന്ന ആശങ്കയുമുണ്ട്.
അഴീക്കലില്‍ 2011 ലാണ് 18.50 കോടി രൂപ മുതല്‍മുടക്കി 500 ടണ്‍ ശേഷിയുള്ള വല നിര്‍മാണശാല സ്ഥാപിച്ചത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് ഇവിടുത്തെ വല വാങ്ങുന്നത്. 2022–23ൽ 272 ടൺ വല ഉൽപ്പാദിപ്പിച്ച കന്പനി 15.13 കോടി രൂപ വാർഷികവരുമാനം നേടിയിരുന്നു. ലാഭം 1.53 കോടി രൂപ. 2023–24ൽ ഉൽപ്പാദനം 307.08 ടണ്ണായും വാർഷികവരുമാനം 15.98 കോടിയായും ഉയർന്നു. ലാഭം 2.52 കോടി. 2024–25 വർഷം 233 ടൺ വല ഉൽപ്പാദിപ്പിച്ചു. വാർഷിക വരുമാനം 13.30 കോടി രൂപ ഉയർന്നപ്പോൾ ലാഭം 1.82 കോടി രൂപയായി.









0 comments