print edition ഇല്ലാത്ത വിലക്കയറ്റം സൃഷ്ടിച്ച് മാതൃഭൂമി

തിരുവനന്തപുരം
നിത്യോപയോഗസാധനങ്ങളുടെയും പലവ്യഞ്ജനം, പച്ചക്കറി ഇനങ്ങളുടെയും വിലക്കയറ്റം സംബന്ധിച്ച് വ്യാജവാർത്തയുമായി മാതൃഭൂമി. കാലാവസ്ഥാമാറ്റത്തെ തുടർന്ന് തമിഴ്‌നാട്ടിൽനിന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറിവരവ് കുറയുന്നതിനാൽ വില ഉയരുമെന്ന് കരുതിയിരുന്നു. സർക്കാരിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കാനായി. പല സാധനങ്ങൾക്കും കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയിൽ മാറ്റമില്ലാതെ ഒരേ വിലയാണ്.

ക്യാരറ്റ്, വഴുതന, സവാള, കോളിഫ്ലവർ തുടങ്ങിയ ഇനങ്ങളിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് നേരിയ തോതിൽ വില കുറഞ്ഞു. കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും വിപണിയിൽ ലഭ്യമായ വിലകൾ സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് ശേഖരിച്ചിരുന്നു. ചെറിയ ഉള്ളിയും കിഴങ്ങുവർഗങ്ങളും ഗുണനിലവാരത്തെ ആശ്രയിച്ച് വിവിധതരങ്ങളിൽ ലഭ്യമാണ്. ഇതനുസരിച്ചാണ് വിലയിലെ ഏറ്റക്കുറച്ചിൽ. മൊത്തവിപണിയിലെ നിരക്കിൽ മാറ്റമുണ്ടാകുമ്പോൾ കുറഞ്ഞത് അഞ്ചു രൂപവരെ കുറവുണ്ടാകും.
സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽ 13 ഇന അവശ്യസാധനങ്ങൾ ആവശ്യത്തിനുണ്ട്. കൂടാതെ ഏതാണ്ട് 200 ഉൽപ്പന്നങ്ങൾക്ക് ഇളവുമുണ്ട്. വനിതകൾക്ക് 10 ശതമാനംവരെ വിലക്കുറവും നൽകുന്നു. 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണയും ലഭ്യമാണ്. ഹോർട്ടികോർപ്പിന്റെ പച്ചക്കറിച്ചന്തകളിലും വിലക്കുറവുണ്ട്. ഇത്തരത്തിൽ സർക്കാരിന്റെ വിപണി ഇടപെടൽ തുടരുന്പോഴാണ് വ്യാജ വിലക്കയറ്റവാർത്ത പടച്ചുവിടുന്നത്.










0 comments