ad
Deshabhimani

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

വെബ് ഡെസ്ക്

Published on Oct 09, 2025, 06:33 PM | 1 min read| Watch Time : 23s

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തെ ഭീതിയിലാഴ്ത്തി വൻ തീപിടിത്തം. നാൽപ്പതിലേറെ കടകൾ പൂർണമായും കത്തിനശിച്ചു. 10 കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


വ്യാഴം വൈകിട്ട് 4.55ന് നഗരസഭാ ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള ദേശീയപാതയിലെ ചെരിപ്പ് കട മാസ്ട്രോയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് ഷാലിമാർ സ്റ്റോറിലും ഫൺസിറ്റി, കളിപ്പാട്ട കടയിലും മൊബൈൽ ഷോപ്പിലും തീ പടർന്നു. ആളിപ്പടർന്ന തീ സമീപത്തെ മുഴുവൻ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ പെരിങ്ങോം യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷ സേനാ യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നായി വെള്ളം എത്തിച്ച് പൊലീസും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഉൾപ്പടെ തീയണക്കാൻ ശ്രമിക്കുന്നുണ്ട്.



ടെക്സ്റ്റയിൽസ്, ഹാർഡ് വേഴ്സ്, ചെരിപ്പ് പാത്രങ്ങൾ, സ്റ്റുഡിയോ, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി ക്ലോംപ്ലക്സിൻ്റെ ഇരുഭാഗത്തുമുള്ള കടകൾക്കാണ് തീപിടിച്ചത്. ഇവിടെയുള്ള എയർ കണ്ടീഷണറുകളിലെ സിലിണ്ടറുകൾക്കും തീപിടിച്ചത് സ്ഥിതി രൂക്ഷമാക്കി. വൈകിട്ട് ആറോടെ പൊലീസ് നഗരസഭാ ബസ്സ്റ്റാൻഡ് പൂർണമായും ഒഴിപ്പിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതവും പൂർണമായും തടഞ്ഞു. പൊലീസ് ഇടപെട്ട് റോഡരിയിൽ പാർക്ക് ചെയ്ത മുഴുവൻ വാഹനങ്ങളും മാറ്റിയും അപകട ഭീഷണി ഒഴിവാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ എം വി ഗോവിന്ദൻ എംഎൽഎ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് മുഖ്യമന്ത്രി ജില്ലാ പൊലീസ് മേധാവിയോടും കലക്ടറോറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിക്കാനും നിർദേശിച്ചു. റൂറൽ എസ് പി അനൂജ് പലിവാൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home