ad
Deshabhimani

പൂപ്പാറയിൽ പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കൽ; കടുത്ത പ്രതിഷേധം

Pooppara Demolishing

പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ളവരുടെ വീടുകൾ അധികൃതർ പൊളിച്ചു നീക്കുമ്പോൾ വേദനയോടെ നോക്കിയ നിൽക്കുന്ന പ്രദേശവാസി ഗൗരി | ഫോട്ടോ: ഷിബിൻ ചെറുകര

വെബ് ഡെസ്ക്

Published on May 08, 2026, 12:57 PM | 2 min read

പൂപ്പാറ (ഇടുക്കി: പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിൽ നിർമിച്ച കടകളും വീടുകളും ജില്ലാ ഭരണംപൊളിച്ചുനീക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങളിലാണ് വ്യാഴം രാവിലെ മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.


ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിലെ 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് റവന്യൂ, പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടപടികൾ നടന്നത്. അതേസമയം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎഎ ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടില്ലെന്ന്‌ പ്രദേശവാസികൾ ആരോപിച്ചു. റവന്യൂ വകുപ്പ് കണ്ടെത്തിയ 85 കെട്ടിടങ്ങളും മൂന്ന് ആരാധനാലയങ്ങളും സർക്കാർ ഏറ്റെടുത്ത് പൊളിച്ചുനീക്കിയതിൽ 29 വീടുകളും ഉൾപ്പെടുന്നു. 2024 ജനുവരി 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി.


Shops in Pooppara Demolishingപുറമ്പോക്കിലുള്ള കടകൾ അധികൃതർ പൊളിച്ചു നീക്കിയ നിലയിൽ | ഫോട്ടോ: ഷിബിൻ ചെറുകര


കടകൾ നേരത്തെ തന്നെ ഒഴിപ്പിച്ച് സീൽ ചെയ്തിരുന്നെങ്കിലും ആളുകൾ താമസിച്ചിരുന്ന വീടുകളാണ്‌ കഴിഞ്ഞദിവസം ഒഴിപ്പിച്ചത്. വീടുകൾ ഒഴിപ്പിക്കുമ്പോൾ ചില താമസക്കാർ പ്രതിഷേധമുയർത്തി. പിന്നീട് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതി ശാന്തമാക്കി.


ഒഴിപ്പിക്കപ്പെട്ട 29 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് പൂപ്പാറ വില്ലേജിൽ തന്നെ വീടോ കൃഷിഭൂമിയോ ഉള്ളതായി റവന്യൂ അധികൃതർ അറിയിച്ചു. എന്നാൽ ശേഷിക്കുന്ന 14 കുടുംബങ്ങൾക്ക് മറ്റെവിടെയും ഭൂമിയോ വീടോ ഇല്ലെന്നാണ് വിവരം. ഇവരുടെ പുനരധിവാസം ഉറപ്പാക്കാൻ ശാന്തൻപാറ പഞ്ചായത്തിന് ജില്ലാ ഭരണം നിർദേശം നൽകിയിട്ടുണ്ട്.

നിവാസികൾ കടുത്ത പ്രതിഷേധത്തിൽ


വാടകവീടുകളിൽ താമസിക്കേണ്ടിവരുന്ന കുടുംബങ്ങൾക്ക് മാസം 4000 രൂപ വീതം വാടകസഹായം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ പെട്ടെന്നുണ്ടായ ഒഴിപ്പിക്കൽ നടപടിയിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ദീർഘകാലമായി താമസിച്ചിരുന്ന കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാൻ സമഗ്രമായ പുനരധിവാസ പദ്ധതി ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തം.


ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കലക്ടർ വി എം ആര്യ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നാല് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 500-ലധികം പൊലീസ് ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കെടുത്തു. മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു.


പുനരധിവാസം അര്‍ഹരായവര്‍ക്കെന്ന്‌ ജില്ലാ കലക്ടര്‍


മറ്റുഭൂമിയോ വീടോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളതെന്നും ഇവരുടെ പുനരധിവാസം മാത്രമെ സര്‍ക്കാര്‍ ഏറ്റെടുക്കൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ചിട്ടുള്ള മൂന്നു നില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം നല്‍കാന്‍ കഴിയില്ല.


വേറെ ഒരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത അര്‍ഹരായവരുടെ പുനരധിവാസം ഉറപ്പാക്കും. തദേശ സ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. ​അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കും. നീര്‍ച്ചാലുകളും പുഴകളും സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണങ്ങള്‍ അനുവദിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. ഏറ്റെടുക്കുന്ന ഭൂമി പുഴയുടെ പുനരുജ്ജീവനം സാധ്യമാകുന്ന വിധത്തില്‍ വിനിയോഗിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ഒഴുപ്പിക്കൽ അതിരാവിലെ


​പുലര്‍ച്ചെ ആറുമണിയോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഉടുമ്പന്‍ചോല താലുക്ക് പൂപ്പാറ വില്ലേജില്‍ പൂപ്പാറ ടൗണില്‍ 56 വ്യക്തികളാണ് കെട്ടിട ഉടമകൾ.


നേരത്തെ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ റവന്യൂ അധികാരികളെ ചുമതലപ്പെടുത്തി 2023 ജനുവരി 17 ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home