ad
Deshabhimani

print edition ഐഎഎസ്‌ തലപ്പത്ത്‌ വൻ അഴിച്ചുപണി: മാറ്റിയത് 49 പേരെ

VD SATHEESAN.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 01:45 AM | 3 min read

തിരുവനന്തപുരം: ഐഎഎസ്‌ ഉദ്യോഗസ്ഥർക്ക്‌ കൂട്ടത്തോടെ സ്ഥാന ചലനം. 49 പേരെയാണ്‌ മാറ്റിയത്‌. സസ്‌പെൻഷനുപിന്നാലെ തിരികെയെത്തിയ ബി അശോകിനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായികവകുപ്പ്‌ സെക്രട്ടറിയായും നിയമിച്ചു. ദിവ്യ എസ്‌ അയ്യർ തദ്ദേശവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാകും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ചുമതലകളിൽനിന്ന് ഒഴിവാക്കി. ടി വി അനുപമ ഗതാഗത സെക്രട്ടറിയും ഡി സജിത്‌ ബാബു പൊതുവിദ്യാഭ്യാസ ഡയറക്‌ടറും എം ജി രാജമാണിക്യം കെഎസ്‌ആർടിസി എംഡിയുമാകും.


ബിശ്വനാഥ്‌ സിൻഹ ജലവിഭവവകുപ്പിന്റെ അധികചുമതലയ്‌ക്കുപുറമെ കയർവികസനം, ഭവനവകുപ്പ്‌ ചുമതലകൾ നിർവഹിക്കും.

കെ ആർ ജ്യോതിലാൽ പ്ലാനിങ്‌ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെയും പ്ലാനിംഗ് ബോർഡിന്റെയും മെമ്പർ സെക്രട്ടറിയാകും. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, പബ്ലിക് പ്രൊക്യുർമെന്റ് അഡ്വൈസറി വകുപ്പ് ചുമതലയുമുണ്ട്‌. ഡോ. രാജൻ എൻ ഖൊബ്രഗഡെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയും മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമാകും. കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചുമതലയും മിൻഹാജിനാണ്‌. രാജു നാരായണസ്വാമിയാണ്‌ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ഡോ. ഷർമിള മേരി ജോസഫ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്‌. ടിങ്കു ബിസ്വാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ജനറലാകും.


മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ യു കേൽക്കർ കോസ്റ്റൽ ഷിപ്പിംഗ്, ഇൻലാൻഡ് നാവിഗേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, വയോജന ക്ഷേമം സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും. കെ ബിജുവിനെ വനം, വന്യജീവി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പൊതുഭരണം, ടൂറിസം, നൈപുണ്യ വികസനം, കശുവണ്ടി വകുപ്പ്‌ ചുമതലകളുമുണ്ട്‌. ജീവൻ ബാബു റവന്യൂ, ദുരന്തനിവാരണ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയും സുഹാസ് ജലവിഭവവകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയുമാകും. സീറാം സാംബശിവ റാവു ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ചുമതല തുടരും. ഡോ. അദീല അബ്ദുള്ള പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറിയും എസ്‌ ഷാനവാസ് തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമാകും.


ബി അബ്ദുൾ നാസർ ഹാർബർ എൻജിനീയറിങ്‌, സാമൂഹികനീതി വകുപ്പുകളുടെ ചുമതല കൂടി ഏറ്റെടുക്കും. കെ ഗോപാലകൃഷ്ണനെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ ഡയറക്ടറായി മാറ്റി നിയമിച്ചു. അനെർട്ട് ഡയറക്ടർ, ഗ്രാമവികസന ബാങ്ക് മാനേജിംഗ് ഡയറക്ടർ പദവികളും വഹിക്കും. ടി വി സുഭാഷിനെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. എം അഞ്ജന സാംസ്കാരികം, നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയാകും. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജിന്‌ സ്ത്രീ, ശിശു വികസനം, തൊഴിൽ വകുപ്പ്, ക്ഷീരവികസനം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ അധിക ചുമതല കൂടി നൽകും. എച്ച് ദിനേശനെ ലാൻഡ് റവന്യൂ, ദുരന്തനിവാരണം കമീഷണറായി നിയമിച്ചു. അഫ്സാന പെർവീനെ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പ്രവേശന പരീക്ഷാ കൺട്രോളറുടെ അധിക ചുമതലയുണ്ട്‌. ജെറോമിക് ജോർജ് ധനവകുപ്പ്‌ അഡീഷണൽ സെക്രട്ടറിയും സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറുമാകും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ചുമതലയുമുണ്ട്‌.


വി വിഘ്‌നേശ്വരി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കും. ഡോ. രേണു രാജ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. എ ഷിബുവിനെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ എൻ ദേവിദാസ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെഅധിക ചുമതലയും വഹിക്കും. വി ആർ വിനോദ് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. ആസിഫ് കെ യൂസഫ് നോർക്ക ഡയറക്ടറും സ്നേഹിൽ കുമാർ സിംഗ് പൊതുവിദ്യാഭ്യാസ ഡയറക്ടറുമാകും. എസ്‌ പ്രേം കൃഷ്ണൻ സഹകരണ സംഘം രജിസ്ട്രാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ചുമതല വഹിക്കും.


ശ്രീധന്യ സുരേഷിനെ ഭക്ഷ്യസുരക്ഷാ കമീഷണറായും രാഹുൽ കൃഷ്ണ ശർമ്മയെ ജിഎസ്ടി സ്പെഷ്യൽ കമീഷണറായും മുഹമ്മദ് ഷഫീഖിനെ ജിഎസ്ടി അഡീഷണൽ കമീഷണറായും നിയമിച്ചു. ലേബർ കമീഷണറായ സഫ്ന നസറുദ്ദീൻ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണറുടെ അധിക ചുമതലയും വഹിക്കും. ഡോ. ജെ ഒ അരുണിനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. ​ സബിൻ സമീദ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ അധിക ചുമതല വഹിക്കും. മിസൽ സാഗർ ഭാരതാണ്‌ സംസ്ഥാന ഗതാഗത പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ. ഹർഷിൽ ആർ മീന ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറാകും. സ്മാർട്ട് സിറ്റി തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുമുണ്ട്‌. ഡി രഞ്ജിത്തിന്‌ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home