print edition അഭിമാനസ്ഥാപനം തകർക്കാൻ ഗൂഢനീക്കം: യോഗ്യത നോക്കാതെ കെഎംഎംഎല്ലിൽ കൂട്ടസ്ഥലംമാറ്റം


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:01 AM | 2 min read
കൊല്ലം: വൻലാഭത്തിലുള്ള മുൻനിര പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവർത്തനം താളംതെറ്റിച്ച് കൂട്ടസ്ഥലംമാറ്റം. വിവിധ തസ്‌തികകളിൽ ജോലിചെയ്യുന്നവരെ യോഗ്യത പോലും പരിഗണിക്കാതെ രാഷ്‌ട്രീയ പകപോക്കൽ മാത്രം ലക്ഷ്യമാക്കിയാണ് മാറ്റിയത്. സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢനീക്കവും ഇതിനു പിന്നിലെന്ന് സംശയം ഉയരുന്നു. ഗുരുതര അച്ചടക്കലംഘനത്തിന് സസ്‌പെൻഡ് ചെയ്‌തവരെ തിരിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാന തസ്‌തികകളിലടക്കം മാറ്റം. ഔദ്യോഗിക അറിയിപ്പ് വരുന്നതിന് മുന്പുതന്നെ ഒരു ഉദ്യോഗസ്ഥൻ ഉത്തരവുകൾ വാട്സാപ്പിലിട്ടത് ഗൂഢാലോചന വ്യക്‌തമാക്കുന്നു. കന്പനി രേഖകൾ ചോർന്നതിൽ അന്വേഷണം നേരിട്ടയാളാണ് ഇൗ ഉദ്യോഗസ്ഥൻ.
കമ്പനിയെ തകർക്കുന്ന നീക്കങ്ങൾക്ക് വിസമ്മതിച്ചപ്പോൾ റിക്രൂട്ടിങ് ബോർഡ് വഴി നിയമിതനായ മാനേജിങ് ഡയറക്ടറെ സമ്മർദത്തിലാക്കി സർക്കാർ ഒത്താശയോടെ രാജിവപ്പിച്ചിരുന്നു. തുടർന്ന് കമ്പനിയിലെ തന്നെ ഒരുദ്യോഗസ്ഥന് എം ഡിയുടെ അധിക ചുമതല നൽകി. ഭരണകക്ഷി യൂണിയനുകളുടെ താൽപ്പര്യമനുസരിച്ച്, കമ്പനിയുടെ നിലനിൽപ്പ് നോക്കാതെയാണ് ഇയാളുടെ പ്രവർത്തനം. 2020ൽ പരിസ്ഥിതി വകുപ്പിൽനിന്ന് ബിനാമി ഇടപാടിലൂടെ കരാറുകൾ തട്ടിയെടുത്ത് അഴിമതി നടത്തിയെന്ന ആരോപണത്താൽ വെഹിക്കിൾ ഡിപ്പാർട്ട്മന്റിലേക്ക് മാറ്റിയ മാനേജരെ ഇപ്പോൾ തിരിച്ചെത്തിച്ചു. അന്നത്തെ യൂണിറ്റ് ഹെഡ് നിലവിൽ എംഡി യുടെ ചുമതലയുമുള്ള ഉദ്യോഗസ്ഥനായിരുന്നു. വലിയ അഴിമതിക്കുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നത്. നിലവിലെ എച്ച്ആർ ഹെഡിനെ എംഎസ് യൂണിറ്റിലേക്ക് മാറ്റി പുതിയ ആളെ കൊണ്ടുവന്നു. എംഎസ് യൂണിറ്റ് എച്ച്ഒഡിയെയും സെക്‌ഷൻ മാറ്റി.
എംസിജെ യോഗ്യതയുള്ള പബ്ലിക് റിലേഷൻസ് ഓഫീസറെ സ്റ്റോർ ഓഫീസറാക്കി സെക്‌ഷൻ മാറ്റി നിയമിച്ചു. സ്‌പെഷ്യലിസ്റ്റ് കാറ്റഗറിയായി പി ആൻഡ് എ ഡിപ്പാർട്ട്മന്റിന് കീഴിലാണ് പിആർഒ തസ്‌തിക. എന്നാൽ, നിലവിൽ മെറ്റീരിയൽസ് ഡിപ്പാർട്ട്മന്റിന് കീഴിൽ സ്റ്റോർ ഓഫീസറായാണ് മാറ്റം. പി ആർഒ തസ്‌തികയിലേക്ക് നിർദ്ദിഷ്‌ട യോഗ്യതയുള്ള മറ്റാരും ഇല്ലാത്തതിനാൽ ഇഷ്ടക്കാരെ നിയമിക്കാനാണ് നീക്കം. സീനിയോരിറ്റി മറികടന്നുള്ള നിയമനവും അഭിമുഖത്തിലൂടെ നിയമിക്കേണ്ട തസ്‌തികയിൽ ഇഷ്ടക്കാരെ ഇരുത്തലും നടത്തിയിട്ടുണ്ട്. സീനിയർ ഉദ്യോഗസ്ഥർ ഇക്കാര്യം പ്രശ്നമാക്കിയപ്പോൾ അവർക്കും ഇൻ ചാർജ് ഉത്തരവിറക്കി.
സ്ഥലംമാറ്റം നടത്തിയ ഉദ്യോഗസ്ഥൻ വിടുതൽ വാങ്ങി പോകും മുന്പ് ഔദ്യോഗിക നെയിം ബോർഡ് അഴിച്ചുമാറ്റി ഇഷ്ടക്കാരന്റെ ബോർഡ് സ്ഥാപിച്ചു. പി ആൻഡ് എ ഡിപ്പാർട്ട്മന്റിലെ ഡെപ്യൂട്ടി മാനേജരുടെ ഔദ്യോഗിക നെയിംബോർഡാണ് മാനേജർ തസ്‌തികയിലുള്ള ഉദ്യോഗസ്ഥൻ ഇത്തരത്തിൽ അഴിച്ചുമാറ്റിയത്. മാനേജർ തസ്‌തികയിലിരിക്കെ മതസ്പർധ വളർത്തുന്ന വിഡിയോകൾ പങ്കുവച്ച് സസ്‌പെൻഷനിലായ അനിൽ മുഹമ്മദിനെ യുഡിഎഫ് അധികാരമേറ്റശേഷം പ്രൊമോഷൻ നൽകി തിരിച്ചടുത്തിരുന്നു.










0 comments