print edition കൂട്ട സ്ഥലംമാറ്റം തുടരുന്നു; തദ്ദേശവകുപ്പിൽ 14 ക്ലർക്കിനെ മാറ്റി

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് അനുകൂല സംഘടനകളുടെ താൽപ്പര്യപ്രകാരം കൂട്ടസ്ഥലംമാറ്റം തുടരുന്നു. തദ്ദേശവകുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 ക്ലർക്കുമാരെ മാറ്റി ജില്ലാ ജോയിന്റ് ഡയറക്ടർ ഉത്തരവിറക്കി. ജിഎസ്‌ടി, സഹകരണം, മെഡിക്കൽ വിദ്യാഭ്യാസം, ആസൂത്രണ ബോർഡ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് തുടങ്ങിയ വകുപ്പുകളിലും വെള്ളിയാഴ്‌ച സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞദിവസം സ്ഥാനംമാറ്റിയ ജീവനക്കാരിയെ വീണ്ടും സ്ഥലംമാറ്റി.
ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ സീനിയർ ക്ലർക്ക്, ക്ലർക്ക്, ഡ്രൈവർ, യുഡി ടൈപ്പിസ്‌റ്റ് തസ്‌തികയിലുള്ള 10 ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. എൻജിഒ അസോസിയേഷൻ പ്രവർത്തകരെ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കാനാണ് തിടുക്കത്തിൽ ഉത്തരവിറക്കിയത്.
ഇടത് അനുകൂല സംഘടനാ പ്രവർത്തകരെ തെരഞ്ഞുപിടിച്ചാണ് ചട്ടവിരുദ്ധമായ സ്ഥലംമാറ്റം. കഴിഞ്ഞ പത്തുവർഷവും കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിച്ചാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രതികാര നടപടി.
തദ്ദേശവകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റത്തിന് നേരത്തെ അപേക്ഷ ക്ഷണിച്ചതും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
ജില്ലാ ജോയിന്റ് ഡയറക്ടറേറ്റിലെ ജീവനക്കാരനായ എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്റ് എം ആർ രജിത്തിനെ പെരിങ്ങമ്മലയിലേക്കാണ് മാറ്റിയത്. ജില്ലാ ജോയിന്റ് ഡയറക്ടറേറ്റിലെ മറ്റുള്ളവരെ വർക്കല നഗരസഭ, കാട്ടാക്കട പഞ്ചായത്ത്, തിരുവനന്തപുരം കോർപറേഷൻ എന്നിവിടങ്ങളിലേക്കു മാറ്റി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിൽ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം ലക്ഷ്യമിടുന്നത്. നിയമവകുപ്പിലെ ഉദ്യോഗസ്ഥനെ മാറ്റി പകരം യുഡിഎഫ് അനുഭാവിയെ എത്തിച്ചു.
കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, നിയമം, ഓഡിറ്റ്, സഹകരണം എന്നീ വകുപ്പുകളിലും കൂട്ടസ്ഥലംമാറ്റത്തിന് ഉത്തരവിറക്കി. വകുപ്പുതല മാനദണ്ഡങ്ങളോ സീനിയോറിറ്റിയോ പരിഗണിക്കാതെയാണ് ഉത്തരവുകളിറക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ. മുസ്ലിംലീഗിന്റെ ഇടപെടലിൽ കുടുംബശ്രീ– സംസ്ഥാന– ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചു. നിലവിൽ 2624 കരാർ ജീവനക്കാരാണുള്ളത്.









0 comments