print edition കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ലേബർ കോടതിയെ സമീപിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: പുതിയ ലേബർ കോഡുകളുടെ മറവിൽ, ‘കോറോ ഹെൽത്ത്’ എന്ന മെഡിക്കൽ കോഡിങ് സ്ഥാപനത്തിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിഷേധാർഹമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി. പിരിച്ചുവിടലിനെതിരെ ലേബർ കമീഷണർക്കും ലേബർ കോടതിയിലും ‘ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്' ഉന്നയിച്ച് പരാതി നൽകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളികളെ തിരിച്ചെടുപ്പിക്കുന്നതിനായുള്ള നടപടികളിലേക്ക് നീങ്ങാൻ സിഐടിയു മുൻകൈയെടുക്കും. സംസ്ഥാനത്തെ ഐടി, അനുബന്ധ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനം പൂട്ടാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധനയും തൊഴിൽ സുരക്ഷയും പുതിയ ലേബർ കോഡിലൂടെ കേന്ദ്രം അട്ടിമറിച്ചു. കുറഞ്ഞത് 100 തൊഴിലാളികൾ എന്ന പരിധി പുതിയ ലേബർ കോഡിൽ 300 ആക്കി മാറ്റി.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്ര ലേബർ കോഡുകളെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് വി ഗോപാലഗൗഡ അധ്യക്ഷനായ സമിതിയെ നിയമിച്ചിരുന്നു. സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ലേബർ കോഡ് നടപ്പാക്കില്ലെന്ന തീരുമാനം എൽഡിഎഫ് സർക്കാർ എടുത്തത് ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളുടെയും അനുമതിയോടെയാണ്. തൊഴിലാളി താൽപ്പര്യം സംരക്ഷിക്കാൻ യുഡിഎഫ് സർക്കാരും തൊഴിൽ മന്ത്രിയും ഉടൻ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.











0 comments