ad
Deshabhimani

print edition ചർച്ചയായപ്പോൾ പെരുംനുണയുമായി യുഡിഎഫ്‌ ; മാറാട് കലാപത്തില്‍ ആര്‍എസ്എസിന് കീഴടങ്ങല്‍

maradu mass murder

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന 
പിണറായി വിജയന്റെ നേതൃത്വത്തിൽ 
മാറാട്‌ കലാപബാധിത പ്രദേശം സന്ദർശിച്ചപ്പോൾ ( ഫയൽ ചിത്രം)

avatar
പി വി ജീജോ

Published on Jan 10, 2026, 01:34 AM | 2 min read


കോഴിക്കോട്‌

മാറാട്‌ കൂട്ടക്കൊലയും സംഘപരിവാർ പ്രീണനവും വീണ്ടും ചർച്ചയാകുന്പോൾ മുഖം രക്ഷിക്കാനും ഓടിയൊളിക്കാനും നുണക്കഥയുമായി യുഡിഎഫ്‌. ഒരുവിഭാഗം മാധ്യമങ്ങളും രക്ഷാകവചവുമായുണ്ട്‌. 22വർഷംമുന്പ്‌ അരങ്ങേറിയ വർഗീയകൂട്ടക്കൊലയ്‌ക്കുശേഷം ചർച്ചകളിൽ മുഖ്യമന്ത്രി എ കെ ആന്റണിയും യുഡിഎഫ്‌ സർക്കാരും ആർഎസ്‌എസിന്‌ വഴങ്ങുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചപ്പോഴാണ്‌ കള്ളക്കഥകളുമായി കോൺഗ്രസും മുസ്ലിംലീഗും ഇറങ്ങിയിട്ടുള്ളത്‌. 2003 മെയ്‌ രണ്ടിനാണ്‌ കേരളത്തെ ഞെട്ടിച്ച മാറാട്‌ കലാപം. നാലിന് മാറാട്‌ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി എ കെ ആന്റണിക്കൊപ്പം ലീഗ്‌ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ഉണ്ടായിരുന്നു. ലീഗ്‌ മന്ത്രിമാർക്കൊപ്പം സന്ദർശനം അനുവദിക്കില്ലെന്ന്‌ ആർഎസ്‌എസ്‌ ഭീഷണിമുഴക്കി.


maradu


കോഴിക്കോട്‌ ഗസ്‌റ്റ്‌ഹ‍ൗസിൽ ആന്റണി ആർഎസ്‌എസ്‌– ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ, പി എസ്‌ ശ്രീധരൻപിള്ള, വിശ്വഹിന്ദുപരിഷത്‌ നേതാവ്‌ കുമ്മനം രാജശേഖരൻ എന്നിവരെ വിളിച്ച്‌ മാറാട്‌ സന്ദർശിക്കാൻ അനുവദിക്കണമെന്ന്‌ യാചിച്ചു. പി എസ്‌ ശ്രീധരൻപിള്ള ഗസ്റ്റ് ഹ‍ൗസിലെത്തി ആന്റണിയുമായി ചർച്ച നടത്തി. തുടർന്ന്‌ ആർഎസ്‌എസ്‌–-ബിജെപി ആവശ്യത്തിന്‌ കീഴടങ്ങി, ലീഗ്‌ മന്ത്രിമാരെ ഒഴിവാക്കിയാണ്‌ ആന്റണി മാറാട്‌ പോയത്‌.


സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പാർടി നേതാക്കളും അന്നുതന്നെ മാറാട്‌ സന്ദർശിച്ചു. ആർഎസ്‌എസിനെ കൂസാതെയാണത്‌. കൊല്ലപ്പെട്ട ആവത്താൽ ദാസന്റെ വീട്ടിൽ പിണറായിയും നേതാക്കളും പോയി. തടയാൻ ശ്രമിച്ച ആർഎസ്‌എസ്‌ പ്രവർത്തകരോട്‌ ‘മാറിനിൽക്ക്‌’ എന്നാണ്‌ പറഞ്ഞത്‌. ആർഎസ്‌എസുകാർ പ്രകോപനത്തിന്‌ മുതിർന്നപ്പോൾ ‘ആർഎസ്‌എസ്‌ ശാഖയിലേക്കല്ല, വന്നത്‌ മരണവീട്ടിലേക്കാണ്‌’ എന്ന്‌ പിണറായി വ്യക്തമാക്കി.


ബഹളംവച്ചും മാധ്യമപ്രവർത്തകരെ തടഞ്ഞും കുഴപ്പത്തിന്‌ ശ്രമിച്ചപ്പോൾ, കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീട്ടിൽ പോകാതെ മടങ്ങി. എൽഡിഎഫ്‌ കൺവീനർ പാലോളി മുഹമ്മദുകുട്ടി, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണൻ, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി വി വി ദക്ഷിണാമൂർത്തി, എളമരം കരീം, എംഎൽഎമാരായ ടി പി രാമകൃഷ്‌ണൻ, മത്തായി ചാക്കോ, വി കെ സി മമ്മദ്‌കോയ എന്നിവരും അന്ന്‌ പിണറായിക്കൊപ്പമുണ്ടായിരുന്നു. മെയ് അഞ്ചിന് ഇത്‌ പത്രങ്ങളിൽ പ്രധാനവാർത്തയായിരുന്നു. മാറാട്‌ ആട്ടിപ്പായിക്കപ്പെട്ട നിരപരാധികളെ സംരക്ഷിക്കാൻ മുൻകയ്യെടുത്തതും സിപിഐ എമ്മാണ്‌. മാസങ്ങളോളം ഇവർക്കായി ക്യാന്പും സംഘടിപ്പിച്ചു. കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോർടിൽ ജസ്‌റ്റിസ്‌ ജോസഫ്‌ പി തോമസ്‌ സിപിഐ എം പ്രവർത്തനങ്ങളെ പ്രത്യേകം പരാമർശിച്ചിരുന്നു.​


ആന്റണി പറഞ്ഞപ്പോൾ ആഹാ, ഇപ്പോൾ ഓഹോ

മാറാട്‌ മറക്കാനാഗ്രഹിക്കുന്ന വിഷയമെന്നും ചർച്ചയാക്കരുതെന്നുമാണ്‌ ഒരുവിഭാഗം മാധ്യമങ്ങളും കോൺഗ്രസ്‌–ലീഗ്‌ നേതാക്കളും ഇപ്പോൾ വാദിക്കുന്നത്‌. സമീപകാലത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയാണ്‌ മാറാട്‌ വിഷയം പരസ്യമാക്കിയതെന്നത്‌ യുഡിഎഫ്‌ മറച്ചുവയ്‌ക്കുന്നു. മാറാട്‌ കലാപത്തിന്റെ അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ ആന്റണി കഴിഞ്ഞ നിയമസഭാ സമ്മേളന വേളയിലാണ്‌ പരസ്യമായി ആവശ്യപ്പെട്ടത്‌. നിയമസഭയിൽ മാറാടും മുത്തങ്ങയും ചർച്ചയായപ്പോൾ കോൺഗ്രസ്‌–ലീഗ്‌ നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല. തുടർന്നാണ്‌ ആന്റണി മാധ്യമങ്ങളെ കണ്ടതും മാറാട്‌ ചർച്ചയാക്കണമെന്ന്‌ ആവശ്യപ്പെട്ടതും. മാസങ്ങൾക്കുമുന്പ്‌ മാറാട്‌ എന്ന്‌ ആന്റണി പറഞ്ഞതിനെപ്പറ്റി മ‍ൗനംപാലിച്ചവർക്ക്‌ ഇപ്പോൾ പൊള്ളുന്നത്‌ രാഷ്‌ട്രീയതിരിച്ചടി ഭയന്നാണെന്നുറപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home