print edition കൊച്ചി കണ്ടു, സ്വർണത്തിളക്കമുള്ള വെങ്കലങ്ങൾ

കൊച്ചി
ഒളിന്പിക്‌സിൽ ഇന്ത്യയുടെയും മലയാളികളുടെയും യശസ്സുയർത്തി മെഡൽ സമ്മാനിച്ച രണ്ട് ഇതിഹാസതാരങ്ങൾ; ഗോൾകീപ്പർമാരായ മാനുവൽ ഫ്രെ-ഡറിക്കും പി ആർ ശ്രീജേഷും. ഇരുവരുടെയും വെങ്കല മെഡൽ നേട്ടങ്ങൾ തമ്മിൽ 48 വർഷത്തിന്റെ അകലമുണ്ടായിരുന്നു. 1972ലായിരുന്നു മാനുവൽ ഫ്രെഡറിക് ഒളിന്പിക് മെഡൽ സ്വന്തമാക്കിയത്. കേരളത്തിന്റെ ആദ്യ ഒളിന്പിക്‌സ് മെഡൽ. 2020ലെ ടോക്യോ ഒളിന്പിക്‌സിൽ പി ആർ ശ്രീജേഷ് നേട്ടം കൈവരിച്ചു.
ശ്രീജേഷിന്റെ നേട്ടത്തിന് പിന്നാലെ 2021 ആഗസ്ത് 12ന് ഇരുവരും ഒത്തുചേർന്നത് കൊച്ചിയിൽ. സ്വർണത്തിളക്കമുള്ള വെങ്കല മെഡലുകൾ ഇരുവരും അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചപ്പോൾ അന്ന് കായികകേരളവും ആരാധകരും ത്രസിച്ചു. മാനുവൽ ഫ്രെഡറിക്കിന്റെ വേർപാട് അറിഞ്ഞപ്പോൾ കൊച്ചിയുടെ മനസ്സിൽ തെളിഞ്ഞത് ഇരുവരുടെയും വാക്കുകൾ, വെങ്കലമെഡൽ ഉയർത്തിപ്പിടിച്ച നിമിഷങ്ങൾ. തന്റെ കളിക്കാലം ഓർത്തെടുത്ത മാനുവൽ ഫ്രെഡറിക്, ഇന്ത്യൻടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. ശ്രീജേഷിലൂടെ പാരിസ് ഒളിന്പിക്‌സിൽ സ്വർണമെഡൽ വരുമെന്നും ശ്രീജേഷില്ലെങ്കിൽ ഇന്ത്യൻ ടീമില്ലെന്നും അത് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞതും ആരാധകർ കേട്ടത് ആവേശത്തോടെ. തന്റെ കാലത്തെ ഗോളികൾ കുറെക്കൂടി ധൈര്യത്തിൽ കളിക്കുന്നവരാണ്. അന്ന് ഗോളിക്ക് ഇത്രയും സുരക്ഷാസംവിധാനങ്ങൾ ഇല്ലെന്നും മാനുവൽ പറഞ്ഞു.
പ്രതാപകാലത്തെക്കുറിച്ചുള്ള കേൾവികളാണ് തങ്ങൾക്കുണ്ടായിരുന്നത്. ആ പാരന്പര്യം ഉൾക്കൊണ്ടാണ് ഒളിന്പിക്‌സിന് പോയതെന്നുമായിരുന്നു ശ്രീജേഷിന്റെ വാക്കുകൾ. ഇന്ത്യ ഹോക്കി പ്രതാപകാലം വീണ്ടെടുക്കുന്പോൾ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കൂട്ടിച്ചേർത്തു. മാനുവൽ, കോട്ടിന്റെ പോക്കറ്റിൽനിന്ന് ഒളിന്പിക്‌സ് മെഡലെടുത്തു. പിന്നാലെ ശ്രീജേഷ്, ജീൻസിന്റെ കീശയിൽനിന്ന് തന്റെ മെഡലും. പരസ്‌പരം മെഡലുകൾ കാണിച്ച ഇരുവരും അതുയർത്തി. എല്ലാവരും കരഘോഷം മുഴക്കി.
ടോക്യോ ഒളിന്പ്‌ക്‌സ് നേട്ടത്തിന് ശ്രീജേഷിന് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് ചെയര്‍മാൻ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സ്‌നേഹസമ്മാനം നല്‍കുന്ന ചടങ്ങിലായിരുന്നു രംഗങ്ങൾ. ഒരുകോടി ശ്രീജേഷിന് കൈമാറിയത് മാനുവൽ ഫ്രെഡറിക്കായിരുന്നു. ചടങ്ങിൽ മാനുവല്‍ ഫ്രെഡറിക്കിന് 10 ലക്ഷം രൂപ സ്‌നേഹസമ്മാനം പ്രഖ്യാപിച്ചു. വികാരാധീനനായി പി ആര്‍ ശ്രീജേഷില്‍നിന്ന് അദ്ദേഹം സമ്മാനം ഏറ്റുവാങ്ങി.










0 comments