മദ്യനയത്തിൽ മുൻകൂർ ജാമ്യമെടുത്ത് മനോരമ; തിരുത്തേണ്ടതില്ലെന്ന് യുഡിഎഫിന് ഉപദേശം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ സ്വീകരിച്ച മദ്യനയത്തെ വക്രീകരിക്കുകയും നുണപ്രചാരണം നടത്തുകയും ചെയ്ത യുഡിഎഫ് പത്രം മലയാള മനോരമ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലക്കംമറിഞ്ഞു. ലഹരി ആസക്തി കുറയ്ക്കൽ ലക്ഷ്യമിട്ടും വിനോദസഞ്ചാര മേഖലയ്‌ക്ക് പ്രോത്സാഹനം നൽകുന്ന നിയമപരമായ ഇളവുകൾ നൽകുകയുമായിരുന്നു കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ ചെയതത്. എന്നാൽ ഇതിനെയെല്ലാം അഴിമതിയെന്നും, കേരളത്തെ മദ്യത്തിൽ കുളിപ്പിക്കുന്നുവെന്നും പ്രചരിപ്പിക്കുകയായിരുന്നു യുഡിഎഫും മനോരമ ഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങളും.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയം പുതിയ സർക്കാർ എങ്ങനെയാകും തിരുത്തുമെന്ന വാർത്തയിലാണ് മനോരമ യുഡിഎഫിന് ഉപദേശം നൽകുന്നത്. ടൂറിസം മേഖലയ്ക്ക് ഗുണകരമായ തീരുമാനങ്ങൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാൽ കാര്യമായ തിരുത്തലുകൾക്ക് യുഡിഎഫ് മുതിർന്നേക്കില്ലെന്നും മനോരമ വാദിക്കുന്നു.
കഴിഞ്ഞ 10 വർഷവും ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് എൽഡിഎഫ് നയം രൂപീകരിച്ചതും നടപ്പാക്കിയതും. അതിനെയെല്ലാം യുഡിഎഫ് വിമർശിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റാൽ എക്സൈസ് വകുപ്പ് പുതിയ മദ്യനയത്തിന്റെ പണിപ്പുരയിലേക്കായിരിക്കും ആദ്യം കടക്കുക.
മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് മദ്യനയംമൂലം മദ്യഉപയോഗം കൂടുകയാണുണ്ടായത്. അശാസ്ത്രീയ തീരുമാനങ്ങൾ നടപ്പിലാക്കുക വഴി
വ്യാജമദ്യവും മയക്കുമരുന്നും സുലഭമായി. ബാറുകൾക്ക് അന്യായമായി ലൈസൻസുകൾ നൽകിക്കൊണ്ട് അഴിമതിയും വ്യാപകമായിരുന്നു.











0 comments