ഭീതിവിതച്ചും ആഹ്ലാദിച്ചും യുഡിഎഫ്‌ പത്രം

manorama fake news
വെബ് ഡെസ്ക്

Published on May 23, 2025, 01:44 AM | 1 min read


തിരുവനന്തപുരം

ദേശീയപാതയിൽ മൂന്നിടത്ത്‌ വിള്ളലും മണ്ണിടിച്ചിലുമുണ്ടായത്‌ ആഘോഷമാക്കി യുഡിഎഫ്‌ പത്രം. 500 കിലോ മീറ്ററിലേറെ നീളുന്ന ദേശീയപാതയുടെ വളരെ ചെറിയ ഭാഗത്താണ്‌ ഇപ്പോൾ വിള്ളലുണ്ടായത്‌. അതിനെ മുഖ്യവാർത്തയാക്കിയും മുഖപ്രസംഗം എഴുതിയും രണ്ട്‌ പൂർണ പേജ്‌ നീക്കിവച്ചും പത്രം കൊട്ടിഘോഷിച്ചു. കേരളത്തിൽ സാധിക്കില്ലെന്നു കരുതിയ ദേശീയപാതാ വികസനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ പൂർത്തീകരണത്തിലേക്കു കടക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ ആസന്നമായ വേളയിൽ ദേശീയപാത വികസന ചർച്ച എൽഡിഎഫിന്‌ ഗുണകരമാകുമെന്ന തിരിച്ചറിവാണ്‌ മണ്ണിടിച്ചിലിനെ ആഘോഷിക്കുന്നതിനു പിന്നിൽ.


സംസ്ഥാനത്തെ റോഡുകളടക്കമുള്ള പശ്‌ചാത്തല സൗകര്യങ്ങളിൽ വന്ന മാറ്റം വലിയ ചർച്ചയാകുമ്പോൾ കണ്ണടച്ച പത്രമാണ്‌ മണ്ണിടിച്ചിലിൽ ആനന്ദം കണ്ടെത്തുന്നത്‌. ദേശീയപാത അതോറിറ്റി നിർമിക്കുന്ന റോഡിലെ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമം, ദേശീയപാത അതോറിറ്റിതന്നെ വീഴ്‌ച സമ്മതിച്ചതോടെ പൊളിഞ്ഞു.


ജനങ്ങളിലാകെ ഭീതി നിറയ്‌ക്കാനാണ്‌ പത്രത്തിന്റെ ശ്രമം. പണി പൂർത്തിയായ മുക്കോല–-കാരോട്‌ റീച്ചിൽ മുമ്പുണ്ടായ വിള്ളൽ മാറ്റാൻ അറ്റകുറ്റപ്പണി ആരംഭിച്ചതാണ്‌. അതും ഇപ്പോൾ വിള്ളലുണ്ടായെന്ന രീതിയിൽ അവതരിപ്പിച്ചു. നിലവിൽ പണിപൂർത്തിയായി കൈമാറിയ സ്ഥലങ്ങളിലടക്കം സുഗമമായ ഗതാഗതം സാധ്യമാണ്‌.


കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്താനും തമസ്‌കരിക്കാനുമാണ്‌ യുഡിഎഫ്‌ പത്രം എന്നും നിലകൊണ്ടത്‌. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയതും സംരംഭക വർഷം പദ്ധതിയിൽ മൂന്നര ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതും അടക്കമുള്ള നേട്ടങ്ങളെ ഇകഴ്‌ത്താൻ നിരവധി വാർത്ത നൽകി. കേരളത്തിൽ കോവിഡ്‌ മരണങ്ങൾ പൂഴ്‌ത്തിവച്ചു എന്ന നിലയിലും നിരന്തരം വാർത്ത നൽകി. എന്നാൽ, കോവിഡ്‌ മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തിയത്‌ കേരളത്തിലാണെന്നും മറ്റു സംസ്ഥാനങ്ങൾ ലക്ഷക്കണക്കിനു മരണങ്ങളാണ്‌ ഒളിപ്പിച്ചുവച്ചതെന്നുമുള്ള യാഥാർഥ്യവും ഇപ്പോൾ പുറത്തുവന്നു.



deshabhimani section

Related News

View More
0 comments
Sort by

Home