"മഞ്ഞുമ്മൽ ഗേളി'ന്റെ ശുഭയാത്ര ഇനി കേരള സവാരിക്കൊപ്പം


ബിജോ ടോമി
Published on Apr 28, 2025, 02:45 AM | 1 min read
തിരുവനന്തപുരം : പ്രതിസന്ധികളെ കാക്കികുപ്പായമണിഞ്ഞ് പുഞ്ചിരിയോടെ നേരിട്ട അലിഷ കേരള സവാരിയുടെ മുഖമാകും. പ്ലസ്‌ടു പഠനത്തിനൊപ്പം കുടുംബം പുലർത്താൻ ഇ–-ഓട്ടോ ഓടിക്കുന്ന എറണാകുളം മഞ്ഞുമ്മൽ മാരിയത്ത് അലിഷ ജിൻസൺ ‘കേരള സവാരി’യുടെ കമ്യൂണിറ്റി അംബാസഡർ. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി ആപ്പായ ഇതിന്റെ പരസ്യങ്ങളിലും
ഹൃസ്വവീഡിയോയിലുമെല്ലാം ഈ മഞ്ഞുമ്മൽ ഗേളുണ്ടാകും. മാസം ഇതിലൂടെ നിശ്‌ചിത തുക വരുമാനം ലഭിക്കും. ആപ്പിന്റെ സബസ്‌ക്രിഷൻ സൗജന്യമാണ്. സമൂഹത്തിനാകെ പ്രചോദനമാകുന്ന കൊച്ചുമിടുക്കിയുടെ കഥയറിഞ്ഞ മന്ത്രി വി ശിവൻകുട്ടി, അലിഷയെ വിളിച്ച് അഭിനന്ദിക്കുകയും കേരള സവാരിയുടെ കമ്യൂണിറ്റി അംബാസഡറായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു. ‘‘നന്നായി പഠിക്കണം, എല്ലാ സഹായവുമായി സർക്കാർ ഒപ്പമുണ്ടാകും’’–- മന്ത്രിയുടെ വാക്കുകൾ ഏറെ ആത്മവിശ്വാസം പകർന്നെന്ന് അലിഷ പറഞ്ഞു.
സ്‌കൂട്ടറപകടത്തിൽ അച്ഛൻ ജിൻസണ് പരിക്കേറ്റതോടെയാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്. അമ്മ ഷീജയ്‌ക്ക് ഗുരുതര രോഗവും ബാധിച്ചതോടെ ജീവിതം വഴിമുട്ടി. ഇതോടെ അച്ഛന്റെ ഓട്ടോയുമായി അലിഷ നിരത്തിലിറങ്ങുകയായിരുന്നു. പകൽ ഓട്ടോയോടിച്ച് വരുമാനം കണ്ടെത്തി, രാത്രി പഠനവുമായി മുന്നോട്ടുപോയ അലിഷയെ നാട്ടുകാർ സ്‌നേഹത്തോടെ ‘മഞ്ഞുമ്മൽ ഗേൾ’ എന്നുവിളിച്ചു. ഈ പേരുതന്നെ അലിഷ ഓട്ടോയ്‌ക്കും നൽകി. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിലൂടെയാണ് പ്ലസ്‌ടു പഠനം.
തിരുവനന്തപുരത്തും കൊച്ചിയിലും ട്രയൽറൺ പൂർത്തിയാക്കി മെയ് ആദ്യം ഔദ്യോഗിക ലോഞ്ചിങ്ങിന് തയ്യാറെടുക്കുകയാണ് കേരള സവാരി ആപ്.










0 comments