print edition മണി ശങ്കർ അയ്യരെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് നീക്കിയത് എന്തിന് ?


എൻ എസ് സജിത്
Published on Feb 17, 2026, 02:12 AM | 1 min read
മതനിരപേക്ഷതയിലും സാമ്രാജ്യത്വ വിരുദ്ധതയിലും വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് മുറുകെ പിടിക്കാൻ മണി ശങ്കർ അയ്യരെ സദാ പ്രേരിപ്പിക്കുന്നത് ഗാന്ധിജിയാണ്.
അതുകൊണ്ടു തന്നെയാണ് 2004ൽ അധികാരമേറ്റ യുപിഎ സർക്കാരിൽ പെട്രോളിയം, പഞ്ചായത്ത് രാജ് മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് ശോഭിക്കാനായത്. ഗാന്ധിയൻ ദർശനങ്ങളിൽനിന്ന് കടുകിട മാറാത്തതുകൊണ്ടു തന്നെ രണ്ടു വർഷത്തിനുശേഷമുള്ള പുനഃസംഘടനയിൽ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കുകയുംചെയ്‌തു. അതിനുപിന്നിൽ അമേരിക്കയായിരുന്നു. ഒപ്പം മൻമോഹൻസിങ് സർക്കാരിനെ അദൃശ്യമായി നിയന്ത്രിക്കാൻ ശ്രമിച്ച റിലയൻസ് ഗ്രൂപ്പിന്റെ സമ്മർദവും.
ഇറാനിൽ നിന്ന് പാകിസ്ഥാൻ വഴി വാതകം ഇന്ത്യയിലെത്തിക്കാനുള്ള ഇറാൻ–പാകിസ്ഥാൻ–ഇന്ത്യ (ഐപിഐ) പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ടു പോയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇന്ത്യക്ക് ഇന്ധന സുരക്ഷ ഉറപ്പുനൽകുമായിരുന്ന ഇൗ പദ്ധതി അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരായിരുന്നു.
മണി ശങ്കർ അയ്യരെ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് മാറ്റിയതിന് പിന്നിൽ അമേരിക്കയുടെ സമ്മർദമാണെന്ന് അന്നത്തെ ഇന്ത്യയിലെ യുഎസ് സ്ഥാനപതി ഡേവിഡ് മൾഫോർഡ് സൂചിപ്പിച്ചതായി വിക്കിലീക്‌സിലൂടെ പുറത്തുവന്നിരുന്നു.
അമേരിക്കൻ അനുകൂല നിലപാടുള്ള മുരളി ദേവ്റയാണ് 2006ൽ മന്ത്രിയായത്. മണി ശങ്കർ അയ്യർ പെട്രോളിയം മന്ത്രിയായിരിക്കെ ചൈനയുമായും പാകിസ്ഥാനുമായും നേരിട്ട് നടത്തിയ ഊർജ്ജ നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനത്തിലുള്ള കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
തമിഴ്‌നാട്ടിലെ മയിലാടുതുറൈ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. കൂടാതെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണ് മണി ശങ്കർ അയ്യരുടെ രാഷ്‌ട്രീയപ്രവേശം. പാകിസ്ഥാനിലെ ലാഹോറിൽ ജനിച്ച അദ്ദേഹം ഐഎഫ്‌എസിൽ (ഇന്ത്യൻ ഫോറിൻ സർവീസ്) നിന്നാണ് കോൺഗ്രസിൽ പ്രവേശിച്ചത്. രാജീവ് ഗാന്ധി കണ്ടെത്തിയ നേതാക്കളിൽ പലരും ബിജെപിയിൽ ചേക്കേറിയപ്പോൾ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചു നിന്നു മണി ശങ്കർ അയ്യർ.
ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോഴും പലസ്‌തീനു നേരെ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ അധിനിവേശം നടത്തിയപ്പോഴുമൊക്കെ ഇന്ത്യയുടെ പരന്പരാഗത വിദേശ നയം ഉയർത്തിപ്പിടിച്ചുള്ള പാർലമെന്റിലെ പ്രസംഗങ്ങൾ ശ്രദ്ധേയമായി.










0 comments