print edition തൃത്താലയുടെ സ്വന്തം ബ്രാൻഡ് അരി 'മങ്ങാരം മട്ട' വിപണിയിലേക്ക്

പാലക്കാട്
തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഒരുക്കിയ "സുസ്ഥിര ബ്രാൻഡ്’ അരിയുൽപ്പന്നങ്ങൾ വിപണിയിലേക്ക്. പട്ടിത്തറ പഞ്ചായത്തിലെ മങ്ങാരം പാടശേഖരത്തിൽ കൃഷി ചെയ്ത നെല്ല് അരിയാക്കി ‘മങ്ങാരം മട്ട' എന്ന പേരിലാണ് ആദ്യ ഘട്ടം വിപണിയിലെത്തുക. മട്ട അരി, പുട്ടുപൊടി, അവില്‍ എന്നിവയാണ് സുസ്ഥിര ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നത്.
സുസ്ഥിര തൃത്താലയുടെ ഭാഗമായി മണ്ഡലത്തില്‍ കാര്‍ഷിക മേഖലയില്‍ നടത്തിയ മുന്നേറ്റമാണ് ഇതിന് വഴിയൊരുക്കിയത്. അഞ്ചുവര്‍ഷത്തിനിടെ 557 ഹെക്ടര്‍ സ്ഥലത്ത് അധിക നെല്‍കൃഷി ചെയ്ത് 667 ടണ്‍ നെല്ലാണ് പദ്ധതിയിൽ ഉൽപ്പാദിപ്പിച്ചത്. തരിശ് രഹിത തൃത്താല എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. സുസ്ഥിര ബ്രാന്‍ഡിന്റെ ഉദ്ഘാടനം 22ന് വൈകിട്ട് നാലിന് പട്ടിത്തറ പഞ്ചായത്തിലെ വട്ടത്താണി മങ്ങാരം പാടശേഖരത്തില്‍ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
ഇതോടൊപ്പം കൃഷിവകുപ്പ് നടപ്പാക്കുന്ന കൃഷിഭവന്റെയും പട്ടാമ്പി പ്രാദേശിക നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പയർ വർഗ വിളയുടെ വിത്ത് ഉൽപ്പാദന പദ്ധതിക്കും തുടക്കമാകും. പാടശേഖരത്തിലെ 25 ഏക്കറിൽ ഉഴുന്ന് കൃഷിയും ഇറക്കും.










0 comments