കിഫ്‌ബിയെ ഇല്ലാതാക്കൽ
പഴുക്കാനില ശുചീകരണം പാളും

പഴുക്കാനില കായൽ
കോട്ടയം കിഫ്‌ബിയെ ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക. രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ -പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി വഴി 103.73 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് കിഫ്‌ബിയെ ഇല്ലാതാക്കിയാൽ പഴുക്കാനില ശുചീകരണവും മുടങ്ങും. കായലിലടിഞ്ഞ എക്കൽ കോരിയെടുത്ത്, തിരുവാർപ്പ് പഞ്ചായത്തിലെ ഒമ്പതിനായിരം, തിരുവായ്‌ക്കരി, കോട്ടയം നഗരസഭയുടെ ഭാഗമായ എഫ-് ബ്ലോക്ക് എന്നീ പാടശേഖരങ്ങളുടെ 27.8 കിലോമീറ്റർ പുറംബണ്ടുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു മുൻ സർക്കാർ തുടക്കം കുറച്ചത്. മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനും കുതിപ്പേകുന്ന പദ്ധതി നാടിന്റെ മുഖച്ഛായ മാറ്റുന്നതായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ കിഫ്‌ബിയെത്തന്നെ ഇല്ലാതാക്കാൻ നീക്കമാരംഭിച്ചതോടെ പ്രദേശത്താകെ ആശങ്ക പരന്നു. വേമ്പനാട്ടുകായലിന്റെ ഭാഗമായി കോട്ടയം നഗരത്തിനോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായലിലാണ് മീനച്ചിലാറും കൊടൂരാറും പതിക്കുന്നത്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞ് രണ്ടു കിലോമീറ്ററിലേറെ നീളവും വീതിയുമുള്ള തുരുത്ത് രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ. ഇതുമൂലം മീനച്ചിലാറ്റിലും കൊടൂരാറ്റിലും മഴക്കാലത്ത് അതിവേഗം വെള്ളം കയറുന്നു. എക്കൽ നീക്കുന്നതോടെ ഒഴുക്ക് സുഗമമാകുകയും വെള്ളപ്പൊക്ക ഭീഷണി വലിയതോതിൽ കുറയുകയും ചെയ്യും. പുറംബണ്ടുകൾ ബലപ്പെടുത്തി സംരക്ഷിക്കുന്നതിലൂടെ മടവീഴ്ച, വെള്ളപ്പൊക്കം, വേലിയേറ്റം എന്നിവയിൽനിന്ന് രക്ഷനേടാം. വർഷത്തിൽ രണ്ടുകൃഷി ചെയ്യാം. ബണ്ട് റോഡാകുന്നതോടെ നെല്ല് സംഭരണത്തിന് വാഹനസൗകര്യം ലഭ്യമാകും. ജലഗതാഗതത്തിലെ തടസങ്ങൾ നീങ്ങും. മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി ഉൾനാടൻ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനും എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌തിരുന്നു. ഇത്രയധികം ഗുണകരമായ ബൃഹദ്‌പദ്ധതിക്ക് തുരങ്കംവയ്‌ക്കാനുള്ള യുഡിഎഫ് നീക്കത്തിൽ പടിഞ്ഞാറൻ മേഖലയിലാകെ രോഷം പടരുകയാണ്.








0 comments