കുടയെടുത്തോളൂ; സംസ്ഥാനത്ത് അതിശക്തമായ മഴ, ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴ. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ വെള്ളിയാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.








0 comments