ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; കാസർകോട് ഒരാൾ പിടിയില്‍

പ്രതീകാത്മകചിത്രം
കാഞ്ഞങ്ങാട്: ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും വട്ടം കറക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായി. ബങ്കളം സ്വദേശി പി വി രതീഷ് (42) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രിയോടെയാണ് ഭീഷണി സന്ദേഷം പ്രചരിപ്പിക്കപ്പെട്ടത്.
ഹൊസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് റെയില്‍വേ പൊലീസിലേക്കും എമര്‍ജന്‍സി നമ്പറായ 112 വഴിയാണ് ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വന്നത് കാഞ്ഞങ്ങാട് ഭാഗത്തു നിന്നാണെന്ന് സൂചന ലഭിച്ചു. പിന്നീട് ലൊക്കേഷന്‍ മാവുങ്കാലിലേക്ക് മാറുകയും ചെയ്തു.കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനില്‍ കുമാര്‍, സിഐ കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ നീക്കത്തിനൊടുവില്‍ മാവുങ്കാല്‍ മേല്‍പ്പാലത്തിനടിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
നേത്രാവതി എക്‌സ്പ്രസ്,മലബാര്‍ എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് എന്നിവയില്‍ വിവിധ സ്റ്റേഷനുകളില്‍ വച്ച് പരിശോധന നടത്തിയാണ് സന്ദേശം വ്യാജമാണെന്ന് ഉറപ്പാക്കിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ട്രെയിനുകളില്‍ നിന്നും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
എന്നാൽ ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കയ്യില്‍ ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താന്‍ ഇത്തരത്തില്‍ വിവരം അറിയിച്ചതെന്നുമാണ് പിടിയിലായ രതീഷ് മൊഴി നല്‍കിയത്. ഹൊസ്ദുര്‍ഗ് പൊലീസാണ് രതീഷിനെ അറസ്റ്റ് ചെയ്തത്.










0 comments