print edition ആറുവയസ്സുകാരിയെ ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110 ൽ എ സാനിഷ് (46) ആണ് പിടിയിലായത്. പാലക്കാട്ടുനിന്നു തൂത്തുക്കുടിയിലേക്ക് പോയ പാലരുവി എക്സ്പ്രസിൽ എഴിന് പുലർച്ചെ ഒന്നരയോടെ തെന്മലയിലായിരുന്നു സംഭവം.
എടത്വാപള്ളിയിൽ പോയി മടങ്ങുകയായിരുന്ന തെങ്കാശി സ്വദേശിനിയായ പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ട്രെയിനിൽ മുത്തച്ഛനൊപ്പം ജനറൽ കമ്പാർട്ട്മെന്റിന്റെ നിലത്ത് കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. ഇതേ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന സാനിഷ് പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി ബഹളം വച്ചതിനൊപ്പം പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും പകർത്തി.
പെൺകുട്ടിയുടെ ബന്ധുക്കൾ ഉണർന്ന് എത്തിയപ്പോഴേക്കും പ്രതി അടുത്ത കമ്പാർട്ട്മെന്റിലേക്ക് ഓടി രക്ഷപ്പെട്ടു. പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരൻ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി.
എന്നാൽ, പെൺകുട്ടിയും കുടുംബവും പരാതി നൽകാൻ തയ്യാറാകാതെ തെങ്കാശി സ്‌റ്റേഷനിൽ ഇറങ്ങി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുനലൂർ റെയിൽവേ പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് പ്രതിക്കായി തിരച്ചിൽ തുടങ്ങി. വെള്ളി വൈകിട്ട് അയത്തിലുള്ള കോഴിക്കടയിൽ നിന്ന് പ്രതിയെ പിടികൂടി. പെൺകുട്ടിയും കുടുംബവും പ്രതിയെ തിരിച്ചറിഞ്ഞു. കോഴിക്കടത്തൊഴിലാളിയായ സാനിഷ് രാത്രികാലങ്ങളിൽ മദ്യപിച്ചശേഷം ട്രെയിനിൽ കയറി വെറുതെ സഞ്ചരിക്കുന്നത് പതിവാണത്രെ. പുനലൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.










0 comments