മാറ്റുരച്ചാല്‍ ഇനിയും മിനുങ്ങും; കാലത്തെ പിന്നിലാക്കിയ മമ്മൂട്ടി

കൊച്ചി : കാലത്തിനൊപ്പം മാറാൻ സ്വയം മാറ്റുരച്ച് മിനുക്കിയെടുത്ത, ഇന്നും സിനിമക്കുള്ളിലെ പുത്തൻ അനുഭവങ്ങളെ തേടുന്ന നടൻ. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൾ.
അനുഭവങ്ങൾ പാളിച്ചകളിലൂടെ സിനിമാഭിനയത്തിന് അരങ്ങേറ്റം കുറിച്ച മമ്മൂട്ടി, നാലാം ദേശീയ അവാർഡുമായി അഭിനയരംഗത്ത് അഞ്ചരപതിറ്റാണ്ടായി തുടരുകയാണ്. വക്കീൽ കുപ്പായം അഴിച്ചുവെച്ച് അഭ്രപാളിയിലേക്ക് കടന്നുവരുമ്പോൾ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കൂടിയാണ് നടന്നെത്തുന്നത് ഒരിക്കലും വിചാരിച്ചുകാണില്ല.
യുവതാരനിരകൾ നിരവധിയെത്തിയിട്ടും അഭിനയത്തിന്റെ യൗവ്വനം കാത്തുസൂക്ഷിച്ചുകൊണ്ട് മലയാളത്തിൽ ഇന്നും മെഗാനടനായി മമ്മൂട്ടിയുണ്ട്. പുതുതലമുറകളുടെ സ്റ്റൈൽ ബുക്കിൽ ഇന്നും ഈ 75 കാരന്റെ പേരുണ്ട്. പ്രായമല്ല അനുഭവവും സിനിമയോടുള്ള അതിനിനിവേശവുമാണ് വേണ്ടതെന്ന് തെളിയിച്ച അയാൾ പുത്തൻ ലുക്കുകളും സ്റ്റൈലുമായി ജെൻ സികളെ വരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. 990 ൽ മതിലുകളിലൂടെ, 1994 ൽ വിധേയനിലൂടെ 1999 ൽ അംബേദ്കറിലൂടെ 2026 ൽ ഭ്രമയുഗത്തിലെ കൊടുംമൺ പോറ്റിയിലൂടെ നാല് ദേശീയ അവാർഡുകൾ താരം നേടി.
മലയാളസിനിമയുടെ ഗതിമാറ്റാൻ സമയമായെന്ന് സംവിധായകരും സിനിമാപ്രവർത്തകരും അതിലേറെ പ്രേക്ഷകരും ആഗ്രഹിച്ച് തുടങ്ങിയപ്പോൾ താരപരിവേഷങ്ങൾ തച്ചുടയ്ക്കാൻ മമ്മൂട്ടിയും ശ്രമം നടത്തി. അതിന്റെ ഉദാഹരണങ്ങളായിരുന്നു കാതലിലും പുഴുവിലും കളങ്കാവലിലും കണ്ടത്. മമ്മൂട്ടി നിറഞ്ഞാടിയ കഥാപാത്രങ്ങൾ മലയാള സിനിമാപ്രേമികളുടെ മനസിൽ നിറക്കൂട്ടുകൾ നിറച്ച് എന്നും നിലനിൽക്കുന്നതാണ്. ഭൂതക്കണ്ണാടി വെച്ച് തേച്ചുമിനുക്കി ഇന്നും അയാൾ സിനിമയെ പഠിച്ചുകൊണ്ടുമിരിക്കുന്നു. ഇനിയും പുതുമകള്‍ തേടാന്‍ തയ്യാറാണെന്ന് തെളിയിച്ചുകൊണ്ട് ഇന്നും ആ ജൈത്രയാത്ര തുടരുന്നു.
പിറന്നാൾ സമ്മാനമായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്തുവിട്ടിട്ടുണ്ട്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിനൊപ്പമുള്ള ‘ഓം’ സിനിമയിലെ കഥാപാത്രത്തിന്റെ വിവരങ്ങളും ഉടന്‍ പുറത്തുവരും.









0 comments