print edition അഭിനയത്തിന്റെ മെഗാവിസ്‌മയം; മമ്മൂട്ടിക്ക് ഇന്ന് 75

കൊച്ചി : ഇന്ത്യൻ സിനിമയുടെ അഭിമാനമായ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് തിങ്കളാഴ്‌ച 75–ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തരും നേരുന്ന ആശംസകളിൽ സ്‌നേഹം നിറയുന്നു. ആ സ്‌നേഹത്തിന് പകരമായി മമ്മൂട്ടി കരുതിവച്ചിരിക്കുന്ന വിസ്‌മയത്തിന് ആകാംക്ഷയോടെ കാക്കുകയാണ് സിനിമാപ്രേമികൾ. ചെന്നൈയിലെ വീട്ടിൽ ലളിതമായാണ് പിറന്നാളാഘോഷം.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരനേട്ടത്തിന്റെ സന്തോഷത്തിലാണ് ഇത്തവണ പിറന്നാൾ. ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റിയിലൂടെയാണ് നാലാംതവണത്തെ പുരസ്‌കാരം. മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പിറന്നാൾദിനത്തിൽ ആരാധകർക്കു മുന്നിലെത്തുന്നത് ആഘോഷത്തിനും ആഹ്ലാദത്തിനും തിളക്കമേറ്റും. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്‌റ്റ്‌ലുക്കും പിറന്നാൾ സമ്മാനമായി പുറത്തുവിട്ടു. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിനൊപ്പമുള്ള ‘ഓം’ സിനിമയിലെ കഥാപാത്രത്തിന്റെ വിവരങ്ങൾ തിങ്കളാഴ്‌ച പുറത്തുവരും’’. ‘സിയ അറൈവ്‌സ് ടുമാറോ’ എന്ന കുറിപ്പോടെ ‘ഓം’ ചിത്രത്തിലെ പോസ്‌റ്റർ മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
സ്റ്റൈലിലും ലുക്കിലുമുൾപ്പെടെ പുതുതലമുറയെ അടക്കം അതിശയിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ് മമ്മൂട്ടി. കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യങ്ങളും നിർമാതാവ് ആന്റോ ജോസഫ് പുറത്തുവിട്ട ചിത്രവും ഇതൊരിക്കൽക്കൂടി ഉറപ്പിക്കുന്നതായി. കിടിലൻ ലുക്കിലായിരുന്നു മമ്മൂട്ടി. ആശംസകളുമായി അരികിലെത്തിയ ആരാധകർക്കൊപ്പം സെൽഫിയെടുത്തശേഷമാണ് വിമാനത്താവളത്തിൽനിന്ന് തിരിച്ചത്. ‘വാട്ട് നെക്‌സ്‌റ്റ്’ എന്ന വരികളോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവച്ചത്. ധനുഷിനൊപ്പമുള്ള തമിഴ്‌ചിത്രം ഓം, മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ലോ ആൻഡ് ഓർഡർ, ഖാലിദ് റഹ്‌മാന്റെ മട്ടാഞ്ചേരി മാഫിയ, അടൂർ ഗോപാലകൃഷ്‌ണന്റെ പദയാത്ര എന്നീ ചിത്രങ്ങളും ആരാധകർ കാത്തിരിക്കുകയാണ്. രഞ്‌ജിത്തിന്റെ ലോ ആൻഡ് ഓർഡറിൽ, പ്രേക്ഷകശ്രദ്ധനേടിയ ബ്ലാക്ക് ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായാണ് മമ്മൂട്ടി വരുന്നത്.
പിറന്നാളിന്റെ ഭാഗമായി രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ആരാധകർ സംഘടിപ്പിച്ചിട്ടുണ്ട്. പൂർണതയുള്ള പകർന്നാട്ടങ്ങളിലൂടെ ആരാധകരെ ആവോളം രസിപ്പിക്കാനും അതുല്യമായ അഭിനയമികവും പരീക്ഷണവും സമന്വയിക്കുന്ന പുതുകഥാപാത്രങ്ങളിലൂടെ മനസ്സുകൾ ഇനിയും കീഴടക്കാനും കഴിയട്ടെയെന്ന് പ്രവഹിക്കുകയാണ് ആശംസകൾ.










0 comments