ആരാധകരുടെയും പ്രമുഖരുടെയും ആശംസാപ്രവാഹം
പിറന്നാൾദിനത്തിൽ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

കൊച്ചി
എഴുപത്തിനാലാം പിറന്നാൾദിനത്തിൽ പുതിയ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടൻ മമ്മൂട്ടി. കാറില്‍ ചാരി കടലിനെ നോക്കിനില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം തരംഗമായി. ‘എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും' എന്നാണ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്. ഇൻസ്‌റ്റഗ്രാമിൽ ഇതേ ചിത്രത്തോടൊപ്പം കടലിരന്പത്തിന്റെ ശബ്ദവുമുണ്ട്. ചെന്നൈയിൽ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.
ആശംസകളുമായി പ്രമുഖർ
നിരവധി പ്രമുഖരും ആശംസ നേർന്നു. ഭാവാത്മകമായ അഭിനയാവിഷ്‌കാരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. അഭിനയത്തിന്റെ സൂക്ഷ്മതയും ജാഗ്രതയുംകൊണ്ട് നമുക്കുചുറ്റിലും ജീവിക്കുന്ന എത്രയെത്ര മനുഷ്യഭാവങ്ങളെയാണ് മമ്മൂട്ടി അനശ്വരമാക്കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടിയുമൊത്തുള്ള ചിത്രം ‘ഹാപ്പി ബർത്ത്‌ഡേ ഡിയർ ഇച്ചാക്ക’ എന്ന അടിക്കുറിപ്പോടെ നടൻ മോഹൻലാൽ പങ്കുവച്ചു. പൃഥ്വിരാജ്, ആസിഫ് അലി അടക്കമുള്ള നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു. സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ആരാധകരും പിറന്നാൾ ആഘോഷമാക്കി.










0 comments