ad
Deshabhimani

രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചത് ഫെന്നി നൈനാനും സംഘവും; സ്റ്റേഷനിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

rajan fenni rahul
വെബ് ഡെസ്ക്

Published on Jul 13, 2026, 01:48 PM | 1 min read

പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദിക്കാൻ ശ്രമിച്ചത് രാഹുലിന്റെ അടുത്ത അനുയായി ഫെന്നി നൈനാനും സംഘവുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു.


പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് രാജൻ ജോസഫിനെ കൊച്ചിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി പത്തോടെ രാജനെ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മുപ്പതോളം പേരടങ്ങിയ സംഘം വാഹനം തടഞ്ഞത്.


വാഹനത്തിനുള്ളിലിരുന്ന രാജൻ ജോസഫിനെ പുറത്തേക്ക് വലിച്ചിറക്കി മർദിക്കാൻ സംഘം ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനായ നിധിന്റെ ചുണ്ടിന് പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി സംഘത്തെ മാറ്റിയശേഷമാണ് രാജനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായത്. പരിക്കേറ്റ പൊലീസുകാരൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.


സംഭവത്തിൽ ഫെന്നി നൈനാനും സംഘവും ഉൾപ്പെട്ടതായാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് വാഹനം തടഞ്ഞതിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസെടുത്തത്.


സംഭവത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. രാജൻ ജോസഫിനെതിരെ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മയും സ്റ്റേഷനിലെത്തിയിരുന്നു. രാജനെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ രാഹുലിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home