പിന്തുണയായി മലയാളം മിഷന്റെ ‘കേവി മലയാളം’
മലയാളം മധുരിതമാക്കി കേന്ദ്രീയ വിദ്യാലയം വിദ്യാർഥികളും


റഷീദ് ആനപ്പുറം
Published on May 27, 2025, 11:45 AM | 2 min read
മാതൃഭാഷയും സംസ്‌കാരവും കുട്ടികൾക്ക് പകർന്നു നൽകുകയാണ് മലയാളം മിഷന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ 70 രാജ്യങ്ങളിലും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലുമായി 2500 പഠന കേന്ദ്രങ്ങൾ മലയാളം മിഷനുണ്ട്. 70,000കുട്ടികളാണ് ഈ കേന്ദ്രങ്ങളിൽ പഠിക്കുന്നത്. സമാന രീതിയാണ് ‘കേവി മലയാളം’ പദ്ധതിയിലും.
തിരുവനന്തപുരം: നല്ല മലയാളത്തിൽ വാക്കും അക്ഷരവും പഠിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ. കേരളത്തിലെ 41 കേന്ദ്രീയ വിദ്യാലയത്തിലെ 15,000 ത്തോളം കുട്ടികൾക്കും മാതൃഭാഷയുടെ മാധുര്യം പകർന്ന് നൽകുന്നത് മലയാളം മിഷനാണ്. മറുനാടൻ മലയാളികൾക്കും പ്രവാസികൾക്കുമായി തയ്യാറാക്കിയ സ്വന്തം പാഠ്യപദ്ധതിയായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിവയാണ് കേന്ദ്രീയ വിദ്യാലയത്തിലും. മലയാളം മിഷൻ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ‘കേവി മലയാളം’ പദ്ധതി ആരംഭിച്ചത്.
മാതൃഭാഷയും സംസ്‌കാരവും കുട്ടികൾക്ക് പകർന്നു നൽകുകയാണ് മലയാളം മിഷന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ 70 രാജ്യങ്ങളിലും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലുമായി 2500 പഠന കേന്ദ്രങ്ങൾ മലയാളം മിഷനുണ്ട്. 70,000 കുട്ടികളാണ് ഈ കേന്ദ്രങ്ങളിൽ പഠിക്കുന്നത്. സമാന രീതിയാണ് ‘കേവി മലയാളം’ പദ്ധതിയിലും. അധ്യാപകർ കേന്ദ്രീയ വിദ്യാലയങ്ങൾ തന്നെ നിയമിച്ചവരാണ്. ആവശ്യമായ പരിശീലനം മലയാളം മിഷൻ നൽകിയിട്ടുണ്ട്. ക്ലാസ് ടെസ്‌റ്റും വാർഷിക പരീക്ഷയും നടത്തുന്നതും മലയാളം മിഷനാണ്. പത്താംതരത്തിന് തുല്ല്യമായ നീലക്കുറിഞ്ഞിയുടെ വാർഷിക പരീക്ഷ നടത്തുക പൊതുവിദ്യാഭ്യാസ വകുപ്പാകും. വിജയിക്കുന്നവർക്ക് എസ്‌എസ്‌എൽസിക്ക് തുല്ല്യമായ സർട്ടിഫിക്കറ്റും നൽകും. കണിക്കൊന്ന സൂര്യകാന്തി ക്ലാസ്സുകൾ രണ്ട് വർഷവും ആമ്പൽ, നിലക്കുറിഞ്ഞി എന്നിവ മൂന്നുവർഷവുമാണ്. പ്രായവും മലയാള ഭാഷാ പരിജ്ഞാനവും പരിഗണിച്ച് ഉയർന്ന ക്ലാസിലേക്ക് നേരിട്ട് ലാറ്ററൽ എൻട്രിയും അനുവദിക്കും.
മലയാളത്തിന്റെ അഭാവം കാരണം മലയാളം നിർബന്ധമുള്ള പിഎസ്‌സി അടക്കമുള്ള പരീക്ഷൾ എഴുതാൻ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് കഴിയില്ലായിരുന്നു. എന്നാൽ പത്താംതരത്തിന് തുല്ല്യമായ നീലക്കുറിഞ്ഞി പരീക്ഷ പാസായ കുട്ടിക്ക് ഇനി അതിനാകും.
രക്ഷിതാക്കളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് മലയാളം പഠിക്കാനുള്ള അവസരം. ഈ ആവശ്യം ഉന്നയിച്ച് രക്ഷിതാക്കളും പ്രിൻസിപ്പാൾമാരും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. തുടർന്ന് പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി മലയാളം മിഷന് നിർദേശം നൽകുകയായിരുന്നു.

പദ്ധതി കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വലിയ ഗുണം ചെയ്യുമെന്ന് മലയാളംമിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാളത്തിന്റെ അഭാവം കാരണം മലയാളം നിർബന്ധമുള്ള പിഎസ്‌സി അടക്കമുള്ള പരീക്ഷൾ എഴുതാൻ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് കഴിയില്ലായിരുന്നു. എന്നാൽ പത്താംതരത്തിന് തുല്ല്യമായ നീലക്കുറിഞ്ഞി പരീക്ഷ പാസായ കുട്ടിക്ക് ഇനി അതിനാകും. ഇവയക്ക് നൽകുന്ന സർട്ടിഫിക്കറ്റിന് പിഎസ്‌സി അംഗീകാരമുണ്ടെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. പുതിയ അധ്യയന വർഷം കൂടുതൽ കുട്ടികൾ പദ്ധതിയുടെ ഭാഗമാകും എന്ന പ്രതീക്ഷയിലാണ് മലയാളം മിഷനെന്നും അദ്ദേഹം പറഞ്ഞു.










0 comments